Skip to main content

ലൈഫ് മിഷന്‍ പദ്ധതി - അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട്

ലൈഫ് മിഷനിലേക്ക് അപേക്ഷിക്കാന്‍ ഒരവസരംകൂടി അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി. 2017 ല്‍ തയ്യാറാക്കിയ ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടിയുള്ള ഗുണഭോക്തൃലിസ്റ്റില്‍ നിന്ന് ആനുകൂല്യം ലഭിക്കാത്തവര്‍ക്കും, പുതുതായി അര്‍ഹത നേടിയവര്‍ക്കും ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ 2020-ല്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം 8,40,000 ഓളം അപേക്ഷകള്‍ ലഭിച്ചു.

എന്നാല്‍ സര്‍ക്കാര്‍ നടത്തി വരുന്ന സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ വീടിനും, സ്ഥലത്തിനുമായി ഒട്ടേറെ പുതിയ അപേക്ഷകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് മുമ്പ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന ഭവനരഹിതര്‍ക്ക് ഒരവസരംകൂടി നല്‍കാന്‍ തീരുമാനിച്ചത്.

   ഭൂമിയുള്ള ഭവനരഹിതര്‍ക്കും, ഭൂമിയും വീടും ഇല്ലാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി 20 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. പുതിയ ഉത്തരവ് പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം വരെ ലഭിക്കുന്ന റേഷന്‍കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വീടിനും/സ്ഥലത്തിനും വീടിനും അപേക്ഷിക്കാം.

കൂടാതെ  2018 ലെയും 2019 ലെയും പ്രളയത്തെത്തുടര്‍ന്ന് സമാശ്വാസ ധനസഹായം ലഭിച്ചവര്‍ക്കും വീടിനും/സ്ഥലത്തിനും വീടിനും അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. https://www.life2020.kerala.gov.in/  എന്ന വെബ് സൈറ്റ് വിലാസത്തിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്വന്തമായോ, അക്ഷയകേന്ദ്രങ്ങളിലൂടെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍പ് ഡെസ്‌ക്കുകളിലൂടെയോ അപേക്ഷിക്കാം. 2017 ല്‍ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും ഇതിനകം കരാര്‍ വയ്ക്കാത്തവര്‍ പുതുതായി അപേക്ഷിക്കണം. 2020 ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഒരു റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും വാസയോഗ്യമായ വീടുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. നഗരപ്രദേശങ്ങളില്‍ 5 സെന്റിലും, ഗ്രാമപ്രദേശങ്ങളില്‍ 25 സെന്റിലും അധികം ഭൂമിയുള്ളവര്‍ അര്‍ഹരല്ല. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സതൊഴിലാളി കുടുംബങ്ങള്‍ക്ക് ഇത് ബാധകമല്ല. കൂടാതെ മൂന്നുലക്ഷത്തിലധികം വരുമാനമുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.  മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ വീടിനായി അപേക്ഷ നല്‍കിയവരും എല്ലാ രേഖകളും സഹിതം ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പ്രവീണ്‍ അറിയിച്ചു.

date