Skip to main content

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; ഹൈടെക് കിയോസ്‌ക് ഇനി കണ്ണൂരിലും

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ കണ്ണൂരിലും ഹൈടെക് കാസ്പ് കിയോസ്‌കുകള്‍ ഒരുങ്ങി. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നിര്‍മ്മിച്ച കിയോസ്‌കുകളുടെ ഉദ്ഘാടനം  ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ സുദീപ്  നിര്‍വഹിച്ചു.  
ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് സഹായകരമാകുന്ന കാസ്പ് കിയോസ്‌ക് ജില്ലയില്‍ മികച്ച സേവനങ്ങളാണ് നല്‍കി വരുന്നത്. നിലവില്‍ 28 കിയോസ്‌കുകളാണ്  ജില്ലയില്‍  പൂര്‍ത്തികരിച്ചത്. ബാക്കിയുള്ളവയുടെ  നിര്‍മ്മാണം നടന്ന്  വരികയാണ്. പൊതു ജനങ്ങള്‍ക്ക്  കാസ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാവിധ സംശയ നിവൃത്തിക്കും സേവനങ്ങള്‍ക്കും കിയോസ്‌ക് ഉപകാരപെടും. മെഡിക്കല്‍ കോളേജിലെ റിസപ്ഷന്‍ കൗണ്ടറിനോട് ചേര്‍ന്നാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നു എന്നതാണ് ഹൈ ടെക് കിയോസ്‌കിന്റെ പ്രത്യേകത. 'കാരുണ്യ കേരളം' എന്ന പേരില്‍ വാര്‍ത്താ പത്രികയും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി  വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചും സേവനങ്ങളെ  കുറിച്ചും  ഗുണഭോക്താക്കളുടെ പ്രതികരണവും പത്രികയില്‍ ലഭ്യമാണ്.  
ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് അധ്യക്ഷനായി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി  ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി  മിഥുന്‍ പദ്ധതി വിശദീകരിച്ചു. ഗവ.മെഡിക്കല്‍ കോളേജ് അസി.മാനേജര്‍ കെ ആര്‍ സുരേഷ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്  കെ കെ ഷാജി എന്നിവര്‍ പങ്കെടുത്തു

date