Skip to main content

ജില്ലയില്‍ ആകെ 3899 പോളിംഗ് ബൂത്തുകള്‍ ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളിലുള്ളവര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്കായി പോസ്റ്റല്‍ ബാലറ്റ് സൗകര്യം 

 

എറണാകുളം: നിയമസഭ തിരഞ്ഞെടുപ്പ് 2021 ല്‍ ജില്ലയില്‍ ആകെ 3899 പോളിംഗ് സ്‌റ്റേഷനുകളാണുള്ളതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസ്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍തിരഞ്ഞെടുപ്പുകളില്‍ ആകെ 2252 പോളിംഗ് സ്‌റ്റേഷനുകളാണുണ്ടായിരുന്നത്. താത്കാലിക സ്‌റ്റേഷനുകളുടെ എണ്ണം 119 ആണ്. 1647 പോളിംഗ് സ്‌റ്റേഷനുകളാണ് അധികമായി സജ്ജമാക്കുന്നത്. 

ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി റാംപ് ആവശ്യമുള്ളിടത്ത് നിര്‍മ്മിക്കും. ജില്ലയിലാകെയുള്ള 3899 പോളിംഗ് ബൂത്തുകളില്‍ 3572 ബൂത്തുകളില്‍ റാംപ് സൗകര്യം നിലവിലുണ്ട്. 327 ബൂത്തുകളിലാണ് പുതിയ റാംപുകള്‍ ഒരുക്കേണ്ടത്. 40 സര്‍ക്കാര്‍ കെട്ടിടങ്ങളിലും 168 സ്വകാര്യ കെട്ടിടങ്ങളിലും 119 അധികമായി നിര്‍മ്മിച്ച താല്കാലിക പോളിംഗ് ബൂത്തുകളിലും പുതിയ സജ്ജീകരണം ആവശ്യമാണ്. ഇത് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 

146 ബൂത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി പോര്‍ട്ടബിള്‍ ഡ്രിങ്കിംഗ് വാട്ടര്‍ യൂണിറ്റുകള്‍ സജ്ജമാക്കും. ബാക്കിയുള്ള 3753 ബൂത്തുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ഫര്‍ണ്ണിച്ചറുകളില്ലാത്ത 155 ബൂത്തുകളില്‍ ഇവ എത്തിക്കുന്നതിന് നിര്‍ദേശം നല്‍കി. ടോയ്‌ലെറ്റ് സംവിധാനമില്ലാത്ത 85 ബൂത്തുകളില്‍ പോര്‍ട്ടബിള്‍ ബയോ ടോയ്‌ലെറ്റ് സംവിധാനമൊരുക്കും.

ജില്ലയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ആകെ 32392 പേരുടെ മനുഷ്യവിഭവ ശേഷിയാണ് ആവശ്യമുള്ളത്. ജില്ലയില്‍ 59967 പേരുടെ മനുഷ്യശേഷി ലഭ്യമാണ്. ഇവിഎം, വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ്ണതോതില്‍ സജ്ജമാണ്. ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്കായി പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 32498 ഭിന്നശേഷി വോട്ടര്‍മാരെയാണ് കണ്ടെത്തിയിട്ടുള്ളത്. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 71186 ആണ്. പോസ്റ്റല്‍ ബാലറ്റുകള്‍ ബിഎല്‍ഒമാര്‍ വഴിയാണ് എത്തിക്കുക.
വൈദ്യുതി യില്ലാത്ത പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അഞ്ചിലധികം പോളിംഗ് ബൂത്തുകളുള്ള പോളിംഗ് സ്‌റ്റേഷനുകളുടെ ലൊക്കേഷന്‍ മാപ്പ് തയാറാക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജിയോ.ടി. മനോജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി. സേതുരാജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

date