Skip to main content

പെരുമാറ്റ ചട്ടം കർശനമായി പാലിക്കണം: നിരീക്ഷകൻ

ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും മാതൃക പെരുമാറ്റ ചട്ടവും കർശനമായി പാലിക്കണമെന്ന് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരി എം.വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി. ഓഫീസിൽ വിളിച്ച യോഗത്തിൽ പൊതുനിരീക്ഷകൻ കെ.ഡി. കുഞ്ജം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി പെരുമാറ്റ ചട്ടം അറിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചത്.  തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് ഒബ്സർവർ പറഞ്ഞു.

വാഹനത്തിനു അനുമതി ലഭിച്ചതിന്റെ രേഖ പുറത്തു കാണത്തക്ക വിധം വാഹനത്തിൽ പതിച്ചിരിക്കണം. ഇലക്ട്രിക്ക്- ടെലഫോൺ പോസ്റ്റുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോസറ്റർ പതിക്കാൻ പാടില്ല. നേരത്തെ പതിച്ചിട്ടുള്ളവ ഒഴിവാക്കേണ്ടതാണ്. സ്വകാര്യ ഇടങ്ങളിൽ പോസ്റ്ററോ മറ്റ് പ്രചരണ സാമഗ്രികളോ പ്രദർശിപ്പിക്കണമെങ്കിൽ സ്വകാര്യ വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം. അതിനുള്ള അനുമതി പത്രവും കൈവശം സൂക്ഷിക്കണം. രാവിലെ 9.30 മുതൽ രാത്രി 9.30വരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തു പരാതികളും തനിക്കു നൽകാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

 അടിയന്തര ഘട്ടങ്ങളിൽ എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാം. പരമാവധി എല്ലാ ദിവസവും വൈകിട്ട് അഞ്ചുമുതൽ വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി. ഓയുടെ ഓഫീസിൽ താൻ ഉണ്ടായിരിക്കും. ഈ സമയങ്ങളിൽ തന്നെ നേരിട്ട് സമീപിക്കാവുന്നതാണെന്നും കുഞ്ജം പറഞ്ഞു. വിവിപാറ്റ് മിഷനിലൂടെ തിരഞ്ഞെടുപ്പ് പൂർണ്ണമായും സുതാര്യമാണെന്ന് ഉറപ്പ് വരുത്തുമെന്ന് വരണാധികാരി  എം.വി. സുരേഷ് കുമാർ യോഗത്തിൽ പറഞ്ഞു. 

വിവിപാറ്റ് മെഷീനിൽ വോട്ടർ ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമായി കാണാവുന്ന വിധം സ്ലിപ്പ് പുറത്ത് വരും. ഇത് ശേഖരിച്ച് മെഷീനുകൾക്കൊപ്പം സൂക്ഷിക്കും. വോട്ടെണ്ണൽദിനം  നറുക്കെടുപ്പിലൂടെ ബൂത്ത് തിരഞ്ഞെടുത്ത് അവിടെ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടും സ്ലിപ്പും തമ്മിൽ ഒത്തു നോക്കും. ഇവിടെ സ്ലിപ്പിലുള്ള എണ്ണവും സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടും ഒരുപോലെ ആയിരിക്കും. 164 ബൂത്തുകളും 17 സഹായകബൂത്തുകളുമാണ് വോട്ടെടുപ്പിനുള്ളത്. കൗണ്ടിംഗ് ഏജന്റുമാർ, പോളിംഗ് ഏജന്റുമാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകും. ഭരണഘടന ചുമതല വഹിക്കുന്നവർ ഏജന്റുമാർ ആകരുതെന്നും വരണാധികാരി പറഞ്ഞു. 

date