Skip to main content

അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം

 

 

തെരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളിൽ വോട്ടർമാരെ കടത്തികൊണ്ടുവരുന്നവരും കോളനികൾ ഉൾപ്പടെ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ വോട്ടിനായി പണം നൽകിയാലും പിടി വീഴും. വാഹനങ്ങൾ അതിർത്തിയിൽ കർശന പരിശോധന നടത്താൻ 24 മണിക്കൂറും എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് മാരുടെ നേതൃത്വത്തിൽ സ്റ്റാറ്റിക് സർവലെൻസ് ടീമും ഫ്‌ളൈയിങ് സ്‌ക്വാഡും മാർച്ച് 12 മുതൽ പൂർണ സമയം അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രവർത്തിക്കും.

ജില്ലയിൽ കർണാടക അതിർത്തിയാൽ 17 കേന്ദ്രങ്ങളിലും കണ്ണൂർ ജില്ലാ അതിർത്തിയിൽ മൂന്ന് കേന്ദ്രങ്ങളിലും നിരീക്ഷണമുണ്ടാകും. 50 സ്‌ക്വാഡുകൾ പ്രവർത്തിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലായി മൂന്നു വീതം ആകെ 15 ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ പ്രവർത്തിക്കും. 

അച്ചടിച്ച ആളിന്റെയും പ്രിന്റിംഗ്പ്രസിന്റെയും പേരില്ലാതെ ലഘുലേഖകൾ വാഹനങ്ങളിലെത്തിച്ചാലും കുടുങ്ങും. മതിയായ തെളിവുകൾ ലഭ്യമാക്കിയാൽ മാത്രമേ പിടികൂടിയ പണം വിട്ടുകൊടുക്കുകയുള്ളൂ. മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും തെരഞ്ഞെടുപ്പ് ചെലവുകൾ നിർവ്വഹിക്കുന്നതിൽ തുല്യനീതി ഉറപ്പാക്കാനും ജില്ലാതല തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം ഷാഡോ രജിസ്റ്റർ സൂക്ഷിക്കും. സ്റ്റാറ്റിക് സർവേ ലെൻസ്ടീം, വീഡിയോ വ്യൂവിംഗ് ടീം. ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നിവയും നീരീക്ഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. അഞ്ചു നിയോജകമണ്ഡലങ്ങളിലായി രണ്ട് ഒബ്‌സർവർമാരെ ചെലവ് തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനുമാത്രമായി കമ്മീഷൻ നിയോഗിക്കുന്നുണ്ട്.

സ്റ്റാറ്റിക് സർവലെൻസ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവർക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകി. കാസർകോട് ഡിവൈഎസ്പി പി പി സദാനന്ദൻ എക്‌സ്‌പെൻഡിച്ചർ മോണിറ്ററിങ് നോഡൽ ഓഫീസർ കെ.സതീശൻ അസി. എക്‌സിപെൻഡിച്ചർ ഒബ്‌സർവർ കെ ജനാർദനൻ എന്നിവർ ക്ലാസെടുത്തു.

 

date