Skip to main content

പുനർവിവാഹത്തിന് കൂട്ട് പദ്ധതി: സംഗമം നടത്തി

 

കാസർകോട് ജില്ലാ ഭരണകൂടത്തിന്റേയും വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാതല വിധവാ സെല്ലിന്റെയും നേതൃത്വത്തിൽ വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷത്തിനുമായി രൂപീകരിച്ച 'കൂട്ട്' പദ്ധതിയുടെ സംഗമം കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ നടന്നു. വിധവാ പുനർവിവാഹത്തിന് തയ്യാറായ മുപ്പതോളം വിധവകളായ സ്ത്രീകളും പതിനഞ്ചോളം പുരുഷൻമാരും പങ്കെടുത്തു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ജില്ലയിൽ വിധവാ സംരക്ഷണത്തിനായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ കളക്ടറുടെ ആശയം പിന്നീട് വിമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ നടപ്പിലാവുകയായിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൂട്ട് മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരം പുനർ വിവാഹത്തിന് താൽപര്യമുളളവരുടെ രജിസ്ട്രേഷൻ നടത്തി. തുടർന്ന് വിധവാ വിവാഹത്തിന് സന്നദ്ധത അറിയിച്ച പുരുഷൻമാരിൽ നിന്നും അപേക്ഷ സ്വീകരിച്ച് രേഖകൾ പരിശോധിച്ച ശേഷമാണ് സംഗമത്തിൽ പങ്കെടുപ്പിച്ചത്.

ചടങ്ങിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എം.വി സുനിത പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു വിശിഷ്ടാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ആരതി സംസാരിച്ചു.

date