Skip to main content

തിരഞ്ഞെടുപ്പ് ജാഥകള്‍ സംഘടിപ്പിക്കുമ്പോള്‍  നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

 

ആലപ്പുഴ: ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും, പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിച്ചിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുപെരുമാറ്റച്ചട്ടം നിഷ്കര്‍ഷിക്കുന്നു.  സാധാരണഗതിയില്‍ ഈ പരിപാടിയില്‍ മാറ്റം വരുത്തരുത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഥകളും യോഗങ്ങളും നടത്തേണ്ടത്. സാമൂഹ്യ അകലം പാലിച്ചും കൈകള്‍ സാനിട്ടൈസ് ചെയ്തും മാസ്ക് ധരിച്ചും വേണം പരിപാടികള്‍ സംഘടിപ്പിക്കാന്‍.  ആവശ്യമായ ഏര്‍പ്പാടുകള്‍ ഉണ്ടാക്കുന്നതിന് പൊലീസ് അധികാരികള്‍ക്ക് സാധിക്കത്തവണ്ണം പരിപാടിയെപ്പറ്റി പൊലീസ് അധികാരികളെ സംഘാടകര്‍ മുന്‍കൂട്ടി വിവരം ധരിപ്പിക്കണം. ജാഥ പോകേണ്ട പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോയെന്ന് സംഘാടകര്‍ അന്വേഷണം നടത്തേണ്ടതും അധികൃതര്‍ ഒഴിവാക്കാത്തപക്ഷം നിരോധനങ്ങള്‍ പാലിക്കേണ്ടതുമാണ്.
ഗതാഗതത്തിന് വിഘാതമോ തടസമോ ഉണ്ടാക്കാതിരിക്കത്തക്കവണ്ണം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി എടുക്കണം. സൗകര്യപ്രദമായ ഇടവേളകളില്‍ പ്രത്യേകിച്ച് ജാഥ റോഡ് ജംഗ്ഷനുകള്‍ കടന്നുപോകേണ്ട പോയിന്റുകളില്‍ തടസപ്പെട്ട ഗതാഗതം ഘട്ടംഘട്ടമായി പോകാന്‍ അനുവദിക്കാനും ഗതാഗത സ്തംഭനം ഒഴിവാക്കാനും യോജിച്ച ദൈര്‍ഘ്യത്തില്‍ ഭാഗങ്ങളായി സംഘടിപ്പിക്കേണ്ടതാണ്.

ജാഥകള്‍, കഴിയുന്നിടത്തോളം റോഡിന്റെ വലതു വശത്തുവരത്തക്കവണ്ണം ക്രമപ്പെടുത്തേണ്ടതും പൊലീസിന്റെ നിര്‍ദേശവും ഉപദേശവും കര്‍ശനമായി പാലിക്കേണ്ടതുമാണ്. രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏകദേശം ഒരേ സമയത്തു തന്നെ ഒരേ വഴിയിലൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ കാലേക്കൂട്ടി പരസ്പരം ബന്ധപ്പെടേണ്ടതും ജാഥകള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗത തടസം സൃഷ്ടിക്കാതിരിക്കുതിനും നടപടികള്‍ എടുക്കുന്നതിനെപ്പറ്റി തീരുമാനിക്കേണ്ടതുമാണ്. തൃപ്തികരമായ ഏര്‍പ്പാടുകളിലെത്തിച്ചേരുതിന് പൊലീസിന്റെ സഹായം ഉപയോഗപ്പെടുത്തണം. ഈയാവശ്യത്തിനായി എത്രയും നേരത്തെ തന്നെ പാര്‍ട്ടികള്‍ പൊലീസുമായി ബന്ധപ്പെടണം. പ്രത്യേകിച്ചും, ആവേശഭരിതരാകുന്ന സമയങ്ങളില്‍ അനാശാസ്യ വ്യക്തികള്‍ ദുരുപയോഗപ്പെടുത്തിയേക്കാവുന്ന സാധനങ്ങള്‍ കൊണ്ടു നടക്കുന്ന ജാഥാംഗങ്ങളുടെ മേല്‍ രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ഥികളോ പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുള്ള അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുതിനായി ഉദ്ദേശിക്കുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതിനും പരസ്യമായി അവ കത്തിക്കുന്നതും അങ്ങനെയുള്ള മറ്റു പ്രകടനങ്ങളും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ഥിയോ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.

date