Skip to main content

തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാകണം-കളക്ടര്‍

 

കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായി നടപ്പാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ  ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. 

പി. വി. സി ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, പുനഃചംക്രമണം  സാധ്യമല്ലാത്ത ബാനറുകള്‍, ബോര്‍ഡുകള്‍  പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത് നൈലോണ്‍, പോളിസ്റ്റര്‍  തുടങ്ങിയവയുടെ  ഉപയോഗം നിരോധിച്ചിട്ടുണ്ട്. കോട്ടണ്‍ തുണി, പുനരുപയോഗവും  പുനഃചംക്രമണവും സാധ്യമായ പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയവകൊണ്ട് ബാനറുകളും പോസ്റ്ററുകളും തയ്യാറാക്കാന്‍ ശ്രദ്ധിക്കണം. 

പുനഃചംക്രമണ യോഗ്യവും പി.വി.സി വിമുക്തവും  എന്ന വാചകവും ഉപയോഗ കാലപരിധി, അച്ചടിച്ച സ്ഥാപനത്തിന്‍റെ പേര് പ്രിന്‍റിംഗ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍  പ്രചരണ സാമഗ്രികളില്‍ ചേര്‍ത്തിരിക്കണം. 

ഉപയോഗശേഷം ഇത്തരം പ്രചാരണ സാമഗ്രികള്‍ അതത് രാഷ്ട്രീയ കക്ഷികളുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേന വഴി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം.

രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകളും യോഗ സ്ഥലങ്ങളും മറ്റും അലങ്കരിക്കുന്നതിനും  പ്രകൃതിസൗഹൃദ  വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ.പോളിംഗ് ബൂത്തുകളുടെ  സജ്ജീകരണവും ഹരിത ചട്ടം പാലിച്ചായിരിക്കണമെന്ന്  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ കർശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

date