Skip to main content

തൃശൂർ പൂരം; സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ

 

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂരത്തിന് പങ്കെടുക്കുന്ന മേളക്കാർ, ജനങ്ങൾ, ആനകളുടെ എണ്ണം എന്നിവ പരമാവധി കുറച്ചു കൊണ്ട് പൂരം നടത്തുന്നതിന് വേണ്ട നടപടികൾ തീരുമാനിക്കുന്നതിനായി കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

 

പാറേമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് പുറമെയുള്ള എട്ട് ഘടക ക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. അവർ സമർപ്പിച്ച ലേ ഔട്ട് പോലീസും ആരോഗ്യവകുപ്പും പരിശോധിച്ച ശേഷം ജില്ലാ കലക്ടർക്ക് പൂരം നടത്തിപ്പുമായി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ചടങ്ങുകൾക്ക് ഭംഗം വരാത്ത രീതിയിൽ ആളുകളെ പരമാവധി കുറയ്ക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയാണ് സർക്കാരിൻ്റെ പ്രത്യേക അനുമതി തേടുക. ശേഷം തുടർ നടപടികൾ സ്വീകരിക്കും. 

 

പൂരം എഴുന്നള്ളിപ്പിന് അണിനിരത്തേണ്ട ആനകളുടെ എണ്ണം, സാംപിൾ വെടിക്കെട്ട്, വെടിക്കെട്ട്, പൂരം എക്സിബിഷൻ എന്നിവ സംബന്ധിച്ച ദേവസ്വം ബോർഡുകളുടെ ആവശ്യങ്ങളും സർക്കാരിനു നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും. പൂരാഘോഷ ദിവസങ്ങളിൽ എക്സിബിഷൻ സ്റ്റാളുകളിലേക്ക് 35,000 പേർക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡുകൾ കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 

ഡി എം ഒ കെ ജെ റീന, സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, ആർ ഡി ഒ കൃപ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ബി നന്ദകുമാർ, പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് സതീഷ് മേനോൻ, സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ചന്ദ്രശേഖരൻ, സെക്രട്ടറി രവികുമാർ, മറ്റ് ഘടക ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

date