Skip to main content

തിരഞ്ഞെടുപ്പ് സുഗമമാക്കാൻ  ആപ്പുകളൊരുക്കി കമ്മീഷൻ 

 

 

ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സുതാര്യത ഉറപ്പാക്കാനും ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും  ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഐ സി റ്റി സെല്ലിന്റെ വിവിധ അപ്ലിക്കേഷനുകൾ സജ്ജമായി.

 

വോട്ടർ ഹെൽപ്‌ലൈൻ ആപ്പ്

 

ജനങ്ങൾക്ക് വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും ചേർത്തിട്ടില്ലെങ്കിൽ പുതുതായി രജിസ്റ്റർ ചെയ്യാനും തെറ്റുകൾ തിരുത്തുവാനും, ഫോട്ടോ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുവാനും സാഹയിക്കുന്ന ആപ്പാണിത്.(voter helpline app)  സ്ഥാനാർഥികളുടെ വിവരങ്ങൾ അറിയുവാനും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അതാത് സമയത്ത് അറിയുവാനും സാധിക്കുന്ന ആപ്പാണിത്. 

 

ബി എൽ ഒ നെറ്റ് മൊബൈൽ ആപ്പ്

 

ബൂത്ത്‌ തലത്തിൽ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് രേഖകളുടെ പരിശോധന നടത്തുവാനും ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്യുവാനും ഓൺലൈൻ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ മുഖേന നടപടികള്‍ സ്വീകരിക്കാനും   സഹായിക്കുന്ന ആപ്പാണ് ബി എൽ ഒ നെറ്റ് മൊബൈൽ ആപ്പ് (BLO Net mobile app).

 

സി-വിജിൽ ആപ്പ്, സുവിധ...

 

പൊതുജനങ്ങൾക്ക് പെരുമാറ്റചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ സഹായിക്കുന്ന സി-വിജിൽ ആപ്പ്(cVIGIL App), സ്ഥാനാർഥികൾക്ക് നാമനിർദ്ദേശപത്രിക നൽകിയതിന് ശേഷം നില പരിശോധിക്കുവാൻ സാധിക്കുന്ന സുവിധ കാൻഡിഡേറ്റ് ആപ്പ്, റിട്ടേണിങ് ഓഫീസർ മാർക്കും നോഡൽ ഓഫീസർമാർക്കും സ്ഥാനാർഥികളുടെ അപേക്ഷയിൽ ഉടനടി നടപടികൾ സ്വീകരിക്കുവാൻ സഹായിക്കുന്ന നോഡൽ ആപ്പ്, തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വിവരങ്ങൾ ഉടനടി ഇലക്ഷൻ കമ്മീഷന് ‍ റിപ്പോർട്ട്‌ ചെയ്യുവാൻ സഹായിക്കുന്ന ഒബ്സെർവർ ആപ്പ് എന്നിവയാണ്  പ്രവർത്തനസജ്ജമായ മറ്റ് ആപ്പുകള്‍. 

 

പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടിംഗ് സുഗമമായി നടപ്പാക്കുന്നതിനായി വോട്ടർ ഐഡി കാർഡ് വേഗത്തിൽ പരിശോധിക്കുന്നതിന് സഹായിക്കുന്ന ബൂത്ത്‌ ആപ്പ്, വോട്ടെണ്ണൽ ദിവസം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന പോളിങ് ശതമാനം വേഗത്തിൽ അറിയുവാൻ സഹായിക്കുന്ന വോട്ടർ ടേൺഔട്ട്‌ ആപ്പ്, ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ആയാസരഹിതമാക്കാൻ സഹായിക്കുന്ന പേഴ്സൺ വിത്ത്‌ ഡിസബിലിറ്റി ആപ്പ് (പി ഡബ്ലിയു ഡി ആപ്പ് ) എന്നീ മൊബൈൽ അപ്ലിക്കേഷനുകളും ഉടൻ പ്രവർത്തനസജ്ജമാകും.

 

--

date