Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒന്‍പത് മാതൃക പോളിങ് ബൂത്തുകള്‍

 

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ഒന്‍പത് മാതൃക പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഒന്‍പത് ഇടങ്ങളിലാണ് മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കുന്നത്.

മാതൃക പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും സ്ഥലം നിര്‍ണ്ണയ മാപ്പും സ്ഥാപിക്കും. വോട്ടര്‍മാര്‍ക്ക് സഹായത്തിനായി ഹെല്‍പ്പ് ഡെസ്‌ക്, ഇരിക്കാനുള്ള പന്തല്‍, കുടിവെള്ള സംവിധാനം, പ്രത്യേക ശുചിമുറികള്‍, പോളിങ് ബൂത്തിന് മുന്നില്‍ സമ്മതിദായകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേകം ബോക്‌സ് എന്നിവയും സജ്ജമാക്കും. പ്രഥമ ശുശ്രൂഷയ്ക്കായി ഫസ്റ്റ് എയ്ഡ് ബോക്‌സ്, പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി വീല്‍ ചെയറും ഇവരെ സഹായിക്കുന്നതിനായി എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനവും ഉറപ്പാക്കും. വോട്ട് ചെയ്ത് കഴിയുമ്പോള്‍ വോട്ട് രേഖപ്പെടുത്തിയതിനുള്ള നന്ദിയും പ്രദര്‍ശിപ്പിക്കും.

ജില്ലയിലെ മാതൃക പോളിങ് ബൂത്തുകള്‍ ചുവടെ. അരൂര്‍ നിയോജക മണ്ഡലത്തിലെ 6 -ാം പോളിങ് ബൂത്തായ അരൂര്‍ സെന്റ്. അഗസ്റ്റിന്‍ ഹൈസ്‌കൂള്‍ (വടക്ക് ഭാഗം), ചേര്‍ത്തല നിയോജകമണ്ഡലത്തിലെ 73 -ാം പോളിങ് ബൂത്തായ ചേര്‍ത്തല മുട്ടം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (കിഴക്കുഭാഗം), ആലപ്പുഴ നിയോജക മണ്ഡലത്തിലെ 4 -ാം പോളിങ് ബൂത്തായ പെരുന്നോര്‍മംഗലം ജി.എല്‍.പി.എസ് (വടക്കുഭാഗം), അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34-ാം പോളിങ് ബൂത്തായ ഇരവുകാട് ടെംപിള്‍ ഓഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുട്ടനാട് നിയോജക മണ്ഡലത്തിലെ 78-ാം പോളിങ് ബൂത്തായ നെടുമുടി ഗവണ്‍മെന്റ് നായര്‍ സമാജം എല്‍.പി. സ്‌കൂള്‍, ഹരിപ്പാട് നിയോജക മണ്ഡലത്തിലെ 57 -ാം പോളിങ് ബൂത്തായ ഹരിപ്പാട് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കായംകുളം നിയോജകമണ്ഡലത്തിലെ 55- ാം പോളിങ് ബൂത്തായ കീരിക്കാട് ടൗണ്‍ യു.പി. സ്‌കൂള്‍, മാവേലിക്കര നിയോജക മണ്ഡലത്തിലെ 6 -ാം പോളിങ് ബൂത്തായ കണ്ടിയൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ 8-ാം പോളിങ് ബൂത്തായ നായര്‍ സമാജം ബോയ്‌സ് ഹൈസ്‌കൂള്‍.

date