Skip to main content

ഹരിത തെരഞ്ഞെടുപ്പ്: യോഗം ചേര്‍ന്നു

ഹരിത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ബോര്‍ഡ്/ബാനര്‍ പ്രിന്റിങ് ഷോപ്പുകളുടെ യോഗം നിയമസഭാ ഇലക്ഷന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ - ജില്ലാതല നോഡല്‍ ഓപീസര്‍. ഇ.ടി.രാകേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തെരെഞ്ഞെടുപ്പായി നടത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് യോഗത്തില്‍ പരിചയപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പായി നടത്തുന്നതിന് പി.വി.സി, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍ പോളിസ്റ്റര്‍, പ്ലാസ്റ്റിക് കോട്ടഡ് ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഒഴിവാക്കുന്നതിന് നിര്‍ദേശം നല്‍കി.
 

പകരം കോട്ടണ്‍ തുണി (100ശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ചത്), പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണം സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശവും നല്‍കി. പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്കളബിള്‍, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റുചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിങ് നമ്പറും നിര്‍ബന്ധമായും ഉള്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.
 

ജില്ലാ ശുചിത്വമിഷന്റെയും ഇലക്ഷന്‍ കമ്മീഷന്റെയും നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിക്കാമെന്ന് സംഘടന അറിയിച്ചു. പ്രചരണ ശേഷം പ്രിന്റിങ് സാമഗ്രികള്‍ തിരികേ ശേഖരിക്കുന്നതിനുള്ള സംവിധാനം സംഘടന ഏര്‍പ്പെടുത്തുന്നതിനും പ്രകൃതി സൗഹൃദ പ്രചാരണ സാമഗ്രികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മാതൃകകള്‍ ഷോപ്പുകളില്‍ പ്രദര്‍ഷിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. മികച്ച പരിസ്ഥിതി സൗഹൃദ മാതൃകകള്‍ക്ക് ജില്ലാ ശുചിത്വമിഷന്‍ അവാര്‍ഡ് നല്‍കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. യോഗത്തില്‍ സൈന്‍ പ്രിന്റിങ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date