Skip to main content

ജില്ലയില്‍ വനിതാ ദിനം വിപുലമായി ആഘോഷിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടികളുടെയും സ്ത്രീകള്‍ക്കായുള്ള ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ പരിപാടിയായ 'കാതോര്‍ത്ത്' ന്റെയും ജില്ലാതല ഉദ്ഘാടനം പ്ലാനിങ് കമ്മിറ്റി ഓഡിറ്റോറിയത്തില്‍ സബ് കലക്ടര്‍ കെ.എസ് അഞ്ജു നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന  സമാപന സമ്മേളനം  ചലച്ചിത്ര നാടക കലാകാരി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. ചടങ്ങുകളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍ അധ്യക്ഷനായി.

 കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുല്യ ഭാവി കൈവരിക്കാന്‍   സ്ത്രീ നേതൃത്വം എന്ന വിഷയത്തില്‍ അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ അഡ്വ സുജാത.എസ്.വര്‍മ്മ സെമിനാര്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ്മ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, വനിതാ സംരക്ഷണ ഓഫീസര്‍ എ.എസ് പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗങ്ങള്‍, സെമിനാറുകള്‍, വെബിനാറുകള്‍, പരേഡുകള്‍, കലാപരിപാടികള്‍, സത്രീകള്‍ക്കു വേണ്ടി കരിയര്‍ ഗൈഡന്‍സ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേള തുടങ്ങിയ വിവിധ പരിപാടികളാണ് മാര്‍ച്ച് 25 വരെ നടത്താന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുല്യ ഭാവി കൈവരിക്കാന്‍ സ്ത്രീ നേതൃത്വം എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ ആശയം.

പരിപാടിയോടനുബന്ധിച്ച്  ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. വനിതാദിന സന്ദേശം ആളുകളിലെത്തിക്കാനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ വനിതാദിന റാലി സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ.എ ഷറഫുദ്ദീന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.  അരീക്കോട് സി.ഡി.പി.ഒ കെ. സഫിയ, മലപ്പുറം മഹിളാ ശക്തി കേന്ദ്ര വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍ ടി.ബാസിമ തുടങ്ങിയവര്‍  സമാപന സമ്മേളനത്തില്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വകുപ്പ് ജീവനക്കാരുടേയും അങ്കണവാടി പ്രവര്‍ത്തകരുടെയും  വിംങ്‌സ്  കേരളയും നടത്തുന്ന സ്ത്രീ ശാക്തീകരണ കലാപരിപാടികളും നടന്നു.

date