Skip to main content

ജില്ലയില്‍ 17 പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 

ഇതുവരെ പത്രിക നല്‍കിയത് 23 പേര്‍

പത്രിക സമര്‍പ്പണം നാളെ വരെ

നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 17) 17 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭയിലേക്ക് 16 പേരുമാണ് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പാകെ പത്രികകള്‍ സമര്‍പ്പിച്ചത്.  ഇതില്‍ മൂന്ന് പേര്‍ രണ്ട് സെറ്റ് വീതം പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ 23 പേര്‍ 27 സെറ്റ് പത്രിക വീതമാണ് സമര്‍പ്പിച്ചത്.
 

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ  (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥി സാനു ആണ് വരണാധികാരി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പൊന്നാനി നിയോജകമണ്ഡലത്തില്‍ നിന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. നന്ദകുമാര്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അന്‍വര്‍ വട്ടപ്പറമ്പില്‍ എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വേങ്ങര മണ്ഡലത്തില്‍ നിന്ന് ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി, താനൂര്‍ മണ്ഡലത്തില്‍ ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥി പി.കെ ഫിറോസ് എന്നിവരും പത്രിക നല്‍കി. വണ്ടൂര്‍ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥി പി. മിഥുന രണ്ട് പത്രികകള്‍ വീതം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.  ഏറനാട് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ദിനേഷ്,  തവനൂര്‍ മണ്ഡലത്തില്‍ നിന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി മുഹമ്മദ് ഹസ്സന്‍, പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് മുസ്തഫ, നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥി  പ്രകാശ്, തിരൂര്‍ മണ്ഡലത്തില്‍ നിന്ന്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥി പി. അബ്ദുല്‍ ഗഫൂര്‍ എന്നിവരും പത്രി നല്‍കി. മലപ്പുറം മണ്ഡലത്തില്‍ നിന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അബ്ദുറഹ്‌മാന്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി  സേതുമാധവന്‍ എന്നിവരും പത്രിക നല്‍കി. മങ്കട മണ്ഡലത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാര്‍ക്‌സിസ്റ്റ്)  സ്ഥാനാര്‍ത്ഥി റഷീദലി, കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) സ്ഥാനാര്‍ത്ഥി മുഹമ്മദ് കുട്ടി രണ്ട് പത്രികകള്‍ വീതവും ഹംസ ഒരു പത്രിക വീതവും പത്രിക സമര്‍പ്പിച്ചു. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജി രണ്ട് പത്രികകള്‍ വീതവും പത്രിക സമര്‍പ്പിച്ചു.
നിയമസഭ, മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് നാളെ വരെ (മാര്‍ച്ച് 19)പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രികാ സമര്‍പ്പണം. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് രാവിലെ 11ന് നടക്കും. മാര്‍ച്ച് 22ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാം.

date