Skip to main content

അങ്കച്ചൂടിന് ഹരിതക്കുടയായി ശുചിത്വ മിഷന്റെ തെരുവ് നാടകം

2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത-ശുചിത്വ തെരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 'അങ്കച്ചൂടിനൊരു ഹരിതക്കുട' തെരുവ് നാടകം ആരംഭിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങള്‍, ഇതുമൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് നാടകത്തിലൂടെ നല്‍കുന്നത്.
ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് നാദം മുരളിയാണ് നാടകത്തിന്റെ സംവിധാനം. നാദം മുരളിയും കണ്ണൂര്‍ സംഘകല ട്രൂപ്പിലെ മറ്റ് അംഗങ്ങളായ ബാബു കൊടോളിപ്രം, അശോകന്‍ പെരുമാച്ചേരി, രതീഷ് അരിമ്പ്ര, സി പി ദാമോദരന്‍ കുറ്റിയാട്ടൂര്‍, അഭി ചൂളിയാട്, പ്രകാശന്‍ കുറ്റിയാട്ടൂര്‍, ജയന്‍ തിരുമന എന്നിവരാണ് നാടകം അവതരിപ്പിച്ചത്. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് നാടകം അവതരിപ്പിക്കുക.
കോളേജ് ഓഫ് കൊമേഴ്‌സ് ക്യാമ്പസിലാണ് നാടകത്തിന്റെ ആദ്യ അവതരണം നടന്നത്. ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം) സാജന്‍ വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിജയമ്മ നായര്‍ അധ്യക്ഷയായി. ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ കൂടിയായ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഇ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്രകൃതിക്കിണങ്ങാത്ത പ്രചരണ വസ്തുക്കള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാതെ പ്രകൃതിക്ക് ഹരിതക്കുട നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പിന്റെ ചൂടിന് ആശ്വാസം നല്‍കുക എന്നതാണ് ജില്ലാ ശുചിത്വ മിഷന്‍ ഹരിത-ശുചിത്വ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്.

date