Skip to main content

മാതൃക പെരുമാറ്റച്ചട്ട ലംഘനം:  സി വിജിൽ വഴി പരിഹരിച്ചത് 3,734 പരാതികൾ 

 

ആലപ്പുഴ: ജില്ലയിലെ മാതൃക പെരുമാറ്റചട്ട ലംഘന പരാതികൾ ദ്രുതഗതിയിൽ പരിഹരിച്ച് ജില്ലാ കൺട്രോൾ യൂണിറ്റ്. ഇന്നലെ വരെ (മാർച്ച് 18) ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി സി വിജിൽ ആപ്പുവഴി ലഭിച്ച 3,734 പരാതികൾ പരിഹരിച്ചു.  

ആലപ്പുഴ മണ്ഡലം-162, അമ്പലപ്പുഴ- 142, അരൂർ- 202,  ചെങ്ങന്നൂർ- 206, ചേർത്തല- 309, ഹരിപ്പാട് -1292,  കായംകുളം- 104,  കുട്ടനാട്- 894,  മാവേലിക്കര- 423 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പരാതികളുടെ കണക്ക്. പണം, മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ,  അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരേയും പൊതുജനങ്ങൾക്ക് സി വിജിൽ സംവിധാനത്തിലൂടെ പരാതി നൽകാം.

കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലാണ് പരാതികൾ ആദ്യം ലഭിക്കുക. ഉടൻ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകൾക്ക് കൈമാറും. ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും മൂന്നു വീതം ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റീ ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവലൻസ് ടീം എന്നിവ പ്രവർത്തിക്കുന്നു. ഇവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോർട്ട് നൽകും. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും.
 

date