Skip to main content

തിരഞ്ഞെടുപ്പ് 2021 ഇടവേളയില്ലാതെ മാധ്യമ നിരീക്ഷണം  - ജില്ലാ കലക്ടര്‍

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കാന്‍ മാധ്യമ നിരീക്ഷണ സെല്‍ 24 മണിക്കൂറും ജാഗരൂകമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പരസ്യങ്ങളുടെ പ്രസിദ്ധീകരണം, സംപ്രേക്ഷണം എന്നിവ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുക, സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുക തുടങ്ങിയവയാണ് കമ്മിറ്റി നിര്‍വഹിക്കുന്നതെന്നും  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം കലക്ടര്‍ വ്യക്തമാക്കി.
ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.കെ. സതീഷ്‌കുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ. രാജന്‍ ബാബു, ഇഗ്നേഷ്യസ് പെരേര, മെംബര്‍ സെക്രട്ടറി കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ്. അരുണ്‍ എന്നവരടങ്ങുന്നതാണ് കമ്മിറ്റി.
പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ടി.വി. ചാനലുകള്‍, റേഡിയോ, സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയും ദിനപ്പത്രങ്ങളുടെ                ഇ-പേപ്പറുകളും 24 മണിക്കൂറും ഇവിടെ പരിശോധനാ വിധേയമാക്കുന്നു.  
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരും ജേണലിസം വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് സെല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക.
എം.സി.എം.സി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍.എസ്. അനില്‍, സൂപ്രണ്ട് അജിത്ത് ജോയി എന്നിവരുമുണ്ടായിരുന്നു.
(പി.ആര്‍.കെ നമ്പര്‍.689/2021)

 

date