Skip to main content

കോവിഡ്-19 രണ്ടാംവരവ്: ജാഗ്രത കൈവിടരുത് - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ്-19 കേസുകള്‍ കുറഞ്ഞു തുടങ്ങിയതോടെ ജാഗ്രത പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നത് അപകടമെന്ന് ഡി.എം.ഒ. മാസ്‌ക് ധരിക്കുന്നതിലും, സാമൂഹ്യ അകലം പാലിക്കുന്നതിലും, കൈകള്‍ അണുമുക്തമാക്കുന്നതിലും വിട്ടുവീഴ്ച പാടില്ല.  
ജില്ലയില്‍ രോഗബാധ കുറഞ്ഞുവെങ്കിലും ഭീഷണി പൂര്‍ണമായി ഒഴിവായിട്ടില്ല.  കടകള്‍, ബീച്ചുകള്‍, വാഹനങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍, ആരാധനാലയങ്ങള്‍, ചന്തകള്‍, പൊതുയോഗങ്ങള്‍, വഴിവാണിഭ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ജനങ്ങള്‍ കൂട്ടം കൂടരുത്. സാമൂഹ്യ അകലം പാലിക്കുന്നതില്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ വേണം. മാസ്‌ക് ശരിയായി ധരിക്കാന്‍ ശ്രദ്ധിക്കണം. സംസാരിക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും മാസ്‌ക് ധരിക്കുന്നതും കൈഴുകുന്നതും അകലം പാലിക്കുന്നതും തുടരണം.
നിലവില്‍ സംസ്ഥാനത്ത് 11.7 ശതമാനം ആളുകള്‍ മാത്രമേ കോവിഡ് പ്രതിരോധശേഷി നേടിയിട്ടുള്ളൂവെന്ന് വാക്‌സിനേഷന് മുന്നോടിയായി നടത്തിയ പഠനം വ്യക്തമാക്കുന്നു.  വാക്‌സിന്‍ എടുത്തവരില്‍ 15-20 ദിവസങ്ങള്‍ക്കു ശേഷം പ്രതിരോധശേഷി ദൃശ്യമായിത്തുടങ്ങും.
നിയമസഭ തിരഞ്ഞെടുപ്പ് വേളയിലും ജാഗ്രത തുടരണം. രോഗത്തിന്റെ രണ്ടാം വരവ് തടയുന്നതിന് സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാതൃകയാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അഭ്യര്‍ഥിച്ചു.
 (പി.ആര്‍.കെ നമ്പര്‍.690/2021)

date