Skip to main content

തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണം: ജില്ലയില്‍ വിന്യസിക്കുന്നത് 3303 പൊലീസ് ഉദ്യോഗസ്ഥരെ

* സേവനത്തിന് 3264 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും
ഒന്‍പത് കമ്പനി കേന്ദ്രസേനയും

നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ വിന്യസിക്കുന്നത് 3303 പൊലീസ് ഉദ്യോഗസ്ഥരെ. പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 3264 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിക്കും. എക്സൈസ്, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊലീസിനൊപ്പം ചുമതലകളിലുണ്ടാകും. ഇതിന് പുറമെ ഒന്‍പത് കമ്പനി കേന്ദ്ര സേനയും ജില്ലയിലെത്തും. 28 ഡിവൈഎസ്പിമാര്‍, 51 സി.ഐമാര്‍, എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 704 ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിര്‍ദേശ പ്രകാരം അതത് മേഖലകളില്‍ മേല്‍നോട്ടം വഹിക്കും. സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും വിരമിച്ചവര്‍, 18 വയസ്സ് പൂര്‍ത്തിയായ സ്പെഷ്യല്‍ പൊലീസ് കേഡറ്റുമാര്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവരെയാണ്് പോളിങ് ബൂത്തുകളില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി നിയോഗിക്കുക. ജില്ലയിലെ 34 പൊലീസ് സ്റ്റേഷനുകളെ 10 സബ് ഡിവിഷനുകളാക്കി തിരിച്ചാണ് ക്രമീകരണം. 10 സബ് ഡിവിഷനുകളും അതത് ഡി.വൈ.എസ്.പിമാരുടെ നിയന്ത്രണത്തിലാകും. ജില്ലയിലാകെ 4876 പോളിങ് ബൂത്തുകളാണുള്ളത്.
നിലവില്‍ രണ്ട് കമ്പനി കേന്ദ്രസേന ജില്ലയിലെത്തിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്് കടത്തും അനധികൃത പണക്കടത്തും തടയാനായി വഴിക്കടവ് ചെക്ക് പോസ്്റ്റില്‍ കേന്ദ്ര സേനയും വാഹന പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. നിലമ്പൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍, പൊന്നാനി മേഖലകളിലായി കേന്ദ്ര സേന പ്രതിദിനം റൂട്ട് മാര്‍ച്ചും നടത്തുന്നുണ്ട്. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ ഐ.പി.എസ് മാര്‍ച്ച് 12ന് ജില്ലയിലെത്തി പൊലീസിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്ക നടപടികള്‍ വിലയിരുത്തിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുന്‍പത്തെ ദിവസമായ ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടിനാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് സേനയെ വിന്യസിക്കുക.

date