Skip to main content

അനധികൃത വഴിയോര കച്ചവടങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി

കട്ടപ്പന നഗരസഭ പ്രദേശത്തെ വിവിധ റോഡുകളില്‍ അനധികൃത വഴിയോര കച്ചവടങ്ങളും, വാഹനങ്ങളില്‍ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വില്പനയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം വ്യാപാരങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍, ബേക്കറി ഉല്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ചിപ്‌സുകള്‍ തുടങ്ങിയവയാണ് വഴിയോര കച്ചവടങ്ങളില്‍ പ്രധാനമായും  ഉള്ളത്. കെട്ടിട നികുതി, മുനിസിപ്പല്‍ ലൈസന്‍സ്, ഫുഡ് സേഫ്റ്റി ലൈസന്‍സുകള്‍  തുടങ്ങിയവയ്ക്ക് നിയമാനുസൃത ഫീസുകള്‍ അടച്ചും, വാടക, തൊഴിലാളികളുടെ ശമ്പളം, ഇലക്ട്രിസിറ്റി ബില്ല് എന്നിവയില്‍ വന്‍ തുക ചെലവഴിക്കുന്ന വ്യാപാരികളുടെ ന്യായമായ പരാതി  അര്‍ഹിക്കുന്ന ഗൗരവത്തോടെ മുഖവിലയ്‌ക്കെടുക്കുമന്നും നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

മാര്‍ച്ച് 22 മുതല്‍ നഗരസഭാ പ്രദേശത്ത് അനധികൃത വഴിയോര കച്ചവടങ്ങളോ, വാഹനങ്ങളില്‍ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള വില്പനയോ അനുവദിക്കില്ലായെന്നും നിയമലംഘകരുടെ വാഹനങ്ങള്‍, ഉല്പന്നങ്ങള്‍ എന്നിവ മുന്നറിയിപ്പ് ഇല്ലാതെ പിടിച്ചെടുക്കുമന്നും നഗരസഭാ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി.

വഴിയോര കച്ചവടങ്ങള്‍ നടത്തുന്നവര്‍ വ്യാപാര വസ്തുക്കളും, വാഹനങ്ങളും സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യണമെന്നും നഗരസഭ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി. ജോണ്‍ അറിയിച്ചു.

date