Skip to main content

കോവിഡ്‌ രോഗികളുടെ വർദ്ധനവ് : നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രി

 

എറണാകുളം : കോവിഡ്‌ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ഊർജ്ജിത നടപടികൾ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി സന്ദർശകരെ കർശനമായി നിയന്ത്രിക്കും ‌. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രോഗി സന്ദർശനം കഴിവതും ഒഴിവാക്കണം. സന്ദശകർ വരുന്ന പക്ഷം രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവരോ, ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവ്‌ ആയവരോ ആയിരിക്കണം. ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമെ അനുവദിക്കുകയുള്ളു. മാസ്ക്‌, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണം . ജനറൽ മെഡിസിൻ, പൾമനോളജി ഒ.പികൾ ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല . മറ്റു ഒ.പികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആയി ക്രമീകരിച്ചു. ഒ.പി കളിൽ കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി  പാലിക്കണം. ചെറിയ അസുഖങ്ങൾക്ക്‌ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ചികിത്സ തേടണം . തുടർച്ചയായി മരുന്ന്‌ കഴിക്കുന്നവർക്ക്‌ ഡോക്ടർമാരുടെ ചീട്ട്‌ പ്രകാരം പരമാവധി രണ്ടു മാസത്തേക്കുള്ള മരുന്ന്‌ ലഭ്യത അനുസരിച്ച്‌ ഫാർമസിയിൽ നിന്ന്‌ നൽകും ‌. ഇതിന്‌ കൃത്യമായ കുറിപ്പടി സഹിതം ബന്ധുക്കൾ വന്നാൽ മതിയാകും. ആശുപത്രിയിലും പരിസരങ്ങളിലും കൂട്ടം കൂടി നിൽക്കുന്നത്‌ കർശനമായി നിരോധിച്ചു .ആശുപത്രി ക്യാന്റീനിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം .കൂട്ടം കൂടിയിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ കർശനമായി നിരോധിച്ചതായി ആശുപത്രി മെഡിക്കൽ  സൂപ്രണ്ട്  ഡോ. ഗീത നായർ പറഞ്ഞു .

date