Skip to main content

പകുതി ഒഴിഞ്ഞ് ഓഫീസുകള്‍; തടസ്സമില്ലാതെ ഭരണയന്ത്രം

എറണാകുളം: കോവിഡ് പ്രതിരോധ മാര്‍ഗ നിർദ്ദേശങ്ങളുടെ ഭാഗമായി അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള ജില്ലയിലെ  സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില പകുതി. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് കീഴില്‍ വീടുകളില്‍ ഇരുന്നാണ് ജോലിയുടെ ഭാഗമാകുന്നത്. പ്രധാനപ്പെട്ട എല്ലാ വകുപ്പുകളിലെയും ബഹുഭൂരിപക്ഷം വിഭാഗം ജീവനക്കാര്‍ക്കും ഓഫീസ് ഫയലുകളില്‍ വീടുകളില്‍ നിന്ന് തന്നെ പ്രവൃത്തി എടുക്കുന്നതിനുള്ള സാഹചര്യം നിലവിലുണ്ട്.     
    ഒരു ദിവസം വീടുകളില്‍ നിന്ന് ജോലി എടുക്കുന്നവര്‍ പിറ്റേ ദിവസം ഓഫീസിലെത്തി ഫയലുകള്‍ പ്രിന്‍റ് എടുത്ത് തപാല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ്  വര്‍ക്ക് ഫ്രം ഹോം രീതി സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള അവശ്യസര്‍വ്വീസ് വിഭാഗങ്ങള്‍ പതിവ് രീതിയില്‍ പ്രവര്‍ത്തിച്ചു. 
    അവശ്യവിഭാഗം എന്നതിന് പുറമേ  തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായുള്ള ചുമതലകൾ വഹിക്കുന്ന കളക്ട്രേറ്റ് ഉൾപ്പെടെയുള്ള റവന്യൂ വിഭാഗം ഓഫീസുകൾ പതിവുപോലെ പ്രവർത്തിച്ചു.  ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്ത എല്ലാവരോടും ജോലിക്ക് ഹാജരാകുവാനാണ് റവന്യൂ വിഭാഗം നിർദേശം നൽകിയിട്ടുള്ളത്.    വീടുകളില്‍ നിന്നും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ‍  ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ക്ക്  സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം അതത് വകുപ്പുകൾ നല്‍കിയിട്ടുണ്ട്.     
     ഗസറ്റഡ് റാങ്കിലുള്ള കോവിഡ് പ്രതിരോധ ചുമതലയുള്ള ഉദ്യോഗസ്ഥരെല്ലാവരും ഓഫീസുകളില്‍ ഹാജരായിരുന്നു. അടിയന്തര സാഹചര്യം വന്നാൽ വീടുകളില്‍ നിന്ന് ജോലിയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥർ ഓഫീസുകളിൽ ഹാജരാകണം.

date