Skip to main content

സ്‌ക്വാഡ് പരിശോധന തുടരുന്നു:  29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

കോവിഡ് പ്രതിരോധ  നടപടികളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്ക്തല സ്‌ക്വാഡ് പരിശോധനകളില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പൊതുസ്ഥലങ്ങളില്‍  കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ)പി. ബി. സുനിലാല്‍, പത്തനാപുരം താലൂക്ക്  തഹസില്‍ദാര്‍ സജി.എസ്.കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തനാപുരം ടൗണ്‍ ഏരിയയിലെ 23 കടകളില്‍ പരിശോധന നടത്തി. മാനദണ്ഡലംഘനം കണ്ടെത്തിയ 13 കടകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍ താലൂക്കില്‍ നാല് ടീമുകളുടെ നേതൃത്വത്തില്‍ പോരുവഴി, ശൂരനാട് തെക്ക്, പതാരം, ഇടയ്ക്കാട് തുടങ്ങി 28 ഇടങ്ങളില്‍ പരിശോധന നടത്തി. 51 കേസുകളില്‍ താക്കീത് നല്‍കുകയും നാലു കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി താലൂക്ക് തഹസീല്‍ദാര്‍ കെ.ജി. മോഹനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ  49 കടകള്‍ക്ക് താക്കീത് നല്‍കി. 10 കടകള്‍ക്ക് പിഴ ചുമത്തി. ഓച്ചിറ, ചവറ, കരുനാഗപ്പള്ളി, തെക്കുംഭാഗം എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.
കൊല്ലം തഹസില്‍ദാര്‍ എ വിജയന്റെ നേതൃത്വത്തില്‍ കേരളപുരം, കൊറ്റങ്കര   എന്നിവിടങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. 43 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നിയമലംഘനം കണ്ടെത്തിയ 25 ഇടങ്ങളില്‍ താക്കീത് നല്‍കി.
കൊട്ടാരക്കര താലൂക്കില്‍ നടത്തിയ പരിശോധനയില്‍  84 ഇടത്ത് നിയമലംഘനങ്ങള്‍ കണ്ടെത്തി. കടയ്ക്കലില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പലതവണ താക്കീത് നല്‍കിയിട്ടും  സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത ഷോപ്പിംഗ് കോപ്ലക്‌സ് അടക്കമുള്ള ആറു കടകളില്‍ കൊട്ടാരക്കര തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായര്‍ നേരിട്ട് എത്തി പരിശോധന നടത്തി  പിഴ ഈടാക്കി. പുത്തൂരിലും മൂന്നു കടകളില്‍ നിന്ന് പിഴ ഇടാക്കി. നിയമ ലംഘനം  കണ്ടെത്തിയ 75 കടകള്‍ക്ക് താക്കീത് നല്‍കി. ചടയമംഗലം, ആയൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളിലും പരിശോധന നടന്നു.
പുനലൂര്‍ ആര്‍.ഡി.ഒ  ബി. ശശികുമാര്‍, താലൂക്ക് തഹസില്‍ദാര്‍ ടി വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ നെല്ലിപ്പള്ളി, വിളക്കുവട്ടം, ടി ബി ജംഗ്ഷന്‍, കല്ലാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് ഇടങ്ങളില്‍ നിന്നും പിഴ ഈടാക്കി, 16 കേസുകള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.971/2021)
 

date