Skip to main content

കോവിഡിനെ പിടിച്ചുകെട്ടാൻ പരിശോധനകൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ് 

   എറണാകുളം: കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്നത് ഊർജ്ജിത കോവിഡ് പരിശോധന പ്രവർത്തനങ്ങൾ. ജില്ലയിലെ പ്രതിദിന പരിശോധനാ ലക്ഷ്യം 9990 ആയിരിക്കെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം ജില്ലയിൽ നടക്കുന്നത് 15000 പരിശോധനകളാണ്. സംസ്ഥാന വ്യാപകമായി ഈ മാസം 16, 17 തീയതികളിൽ നടപ്പിലാക്കിയ ഊർജ്ജിത പരിശോധനാ ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിൽ ആദ്യമായി പ്രതിദിനം 15000 ത്തിൽ അധികം കോവിഡ് പരിശോധനകൾ നടന്നത്.
     രണ്ട് ഘട്ടങ്ങളിലായി നാല് ദിവസം മാത്രമാണ് പ്രത്യേക കൂട്ടപരിശോധനാ ക്യാമ്പയിനുകൾക്ക് രൂപം നൽകിയതെങ്കിലും   ജില്ലയിലെ ആരോഗ്യവിഭാഗം പരമാവധി ശേഷിയിൽ പരിശോധനകൾ തുടരുകയാണ്.  ആള്‍ക്കൂട്ടവുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള വിവിധ തൊഴിലുകളിലും പൊതുപ്രവര്‍ത്തന മേഖലകളിലുമുള്ളവരെ കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധന, ഫലം കാണുന്നതായാണ് ആരോഗ്യവിഭാഗത്തിന്‍റെ വിലയിരുത്തൽ. 
      പരമാവധി കോവിഡ് ബാധിതരെ കണ്ടെത്തി രോഗവ്യാപന തോത് കുറയ്ക്കുകയാണ് ആരോഗ്യ വിഭാഗം. രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കുന്നതിനാലാണ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  ഉയരുന്നത്. കൂടുതല്‍ പേരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള   രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനാണ് പ്രത്യേക പരിശോധനാ ക്യാമ്പയിനിലൂടെ ആരോഗ്യവകുപ്പ്  ലക്ഷ്യമിടുന്നത്.

date