Skip to main content

നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, മാനന്തവാടിയിലെ മേരിമാത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും, സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളേജിലുമാണ് നടക്കുക. പോസ്റ്റല്‍ ബാലറ്റ്, ഇ.ടി.പി.പി (സര്‍വ്വീസ് വോട്ടുകള്‍) എന്നിവയും ഈ കേന്ദ്രങ്ങളിലാണ് എണ്ണുക.

ക്രമീകരണം ഇങ്ങനെ
ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്ന് ഹാളുകളാണ് സജ്ജീകരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിനായി ഒരു ഹാളില്‍ ഏഴ് ടേബിളുകള്‍ ഒരുക്കും. ഇത്തരത്തില്‍ ഒരു കേന്ദ്രത്തില്‍ 21 ടേബിളുകളാണ് തയ്യാറാക്കുക. ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്ന് പേര്‍ക്കാണ് ഒരു ടേബിളിന്റെ ചുമതല. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി കല്‍പ്പറ്റയിലെയും സുല്‍ത്താന്‍ ബത്തേരിയിലെയും കേന്ദ്രങ്ങളില്‍ നാല് വീതം ടേബിളുകളും, മാനന്തവാടിയില്‍ അഞ്ച് ടേബിളുകളുമാണ് സജ്ജമാക്കുക. ഒരു എ.ആര്‍.ഒ, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് ഒരു ടേബിളിന്റെ ചുമതല. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ഗസറ്റഡ് ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയില്‍ ഇ.വി.എം വോട്ട് എണ്ണുന്നതിനായി ആകെ 63 ടേബിളുകളും, പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ആകെ 13 ടേബിളുകളുമാണ് ഒരുക്കുക.
 
വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍
മെയ് രണ്ടിന് രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഇ.വി.എം വോട്ടെണ്ണല്‍ 8.30 നാണ് തുടങ്ങുക. രാവിലെ 8 വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ പരിഗണിക്കുകയുളളു. തപാല്‍ വോട്ടുകള്‍ നിക്ഷേപിക്കാനായി വരണാധികാരിയുടെ ഓഫീസില്‍ പ്രത്യേകം ബോക്‌സുകള്‍ സ്ഥാപിക്കില്ല. ഈ സാഹചര്യത്തില്‍ പോസ്റ്റ് ഓഫീസ് വഴി മാത്രമേ തപാല്‍ വോട്ടുകള്‍ അയക്കാവൂ എന്ന്് ജില്ലാ കളക്ടര്‍ അറിയിച്ചു.  ഇ.വി.എം വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് (ശനി) കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്‌കൂളില്‍ നടക്കും. രണ്ട് സെഷനുകളിലായി 240 ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. പോസ്റ്റല്‍ വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 27ന് കളക്ട്രേറ്റില്‍ നടക്കും.

വിജയാഘോഷങ്ങള്‍ ഒഴിവാക്കണം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും വിജയാഘോഷ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടെണ്ണല്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗത്തിലാണ് അഭ്യര്‍ത്ഥന. ഇക്കാര്യങ്ങളില്‍ പൊതു തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.

date