Skip to main content

ആരും മടിക്കരുത്, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്വമേധയാ പരിശോധന  നടത്താന്‍ തയ്യാറാവണം: ഡി.എം.ഒ ഡോ. കെ.പി.റീത്ത

 

 

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ മടിക്കാതെ  സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി.റീത്ത അറിയിച്ചു.  തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഉത്സവങ്ങളിലും മറ്റു പൊതുചടങ്ങുകളിലും പങ്കെടുത്തിട്ടുള്ള വ്യക്തികള്‍ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍  ടെസ്റ്റ് ചെയ്യാന്‍ യാതൊരു കാരണവശാലും മടിക്കരുതെന്ന് ഡി.എം.ഒ ഓര്‍മ്മിപ്പിച്ചു.

കോവിഡ് പോസിറ്റീവ് ആയാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നുള്ളതും ക്വാറന്റൈന്‍ ആവശ്യമാകുന്നതും തൊഴില്‍ നഷ്ടപ്പെടുമോയെന്ന ഭയവുമാകാം കോവിഡ് 19 ന്റെ രണ്ടാം തരംഗത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയിലേക്ക് വരാന്‍ തയ്യാറാവാത്തതും ടെസ്റ്റ് ചെയ്യുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതും. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ ബി, സി കാറ്റഗറി രോഗലക്ഷണങ്ങള്‍ കൂടുതല്‍ കണ്ടിരുന്നത് പ്രായമായവരിലാണ്. കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ ബി, സി കാറ്റഗറി രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് പ്രായം കുറഞ്ഞവരിലാണ് (3040 വയസ്). ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് മുന്‍പ് ഓക്സിജന്‍ സഹായം ആവശ്യമായി വന്നിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഓക്സിജന്‍ സഹായം വേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് പോലും ശ്വാസംമുട്ടല്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി മോണിറ്ററിങ് ചെയ്തു വരികയാണ്. ഇതില്‍ ഓക്സിജന്‍ സഹായം വേണ്ട കേസുകള്‍ ഏറെയാണ്. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട് രോഗ ലക്ഷണങ്ങളുള്ള എല്ലാ വ്യക്തികളും സ്വമേധയാ കോവിഡ് ടെസ്റ്റിന് തയ്യാറാകണമെന്നും എസ്.എം.എസ് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. മാങ്ങോട് മെഡിക്കല്‍ കോളേജ്, കഞ്ചിക്കോട് കിന്‍ഫ്ര എന്നീ സി.എഫ്.എല്‍.ടി.സികളില്‍ ഓക്സിജന്‍ പോയിന്റുകളുള്ള കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ഡി.എം.ഒ അറിയിച്ചു.

date