Skip to main content

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് നടപടികള്‍ പഞ്ചായത്ത് തല കോവിഡ് പ്രതിരോധ സംവിധാനം ശക്തമാക്കും

 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കുന്നതിന് ഇന്‍സിഡെന്‍സ് റെസ്‌പോണ്‍സ് സംവിധാനം ഉടന്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കും. റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശ സ്ഥാപനങ്ങള്‍ എന്നീ വകുപ്പുകളുടെയെല്ലാം പങ്കാളിത്തം ഐആര്‍എസിലുണ്ടാകും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കൊച്ചി മേയര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
15 മുതല്‍ 20 വരെ മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇപ്പോള്‍ ജില്ലയില്‍ പ്രതിദിനം ആവശമായി വരുന്നത്. അഞ്ച് ടാങ്കറുകളും ജില്ലയിലുണ്ട്. മെഡിക്കല്‍ കോളേജ്, പിവിഎസ് ആശുപത്രി, സിയാല്‍ എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ വിതരണം നടക്കുന്നത്. 30 മുതല്‍ 40 വരെ സിലിണ്ടറുകളാണ് ചെറിയ ആശുപത്രികള്‍ക്ക് ആവശ്യമായി വരുന്നത്. ഓക്‌സിജന്‍ ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ക്ഷാമം ഉണ്ടായാല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള ബഫര്‍ സ്റ്റോക്കും ജില്ലയിലുണ്ട്. രോഗികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചാല്‍ വികേന്ദ്രീകൃത സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യവസായ ശാലകളില്‍ നിന്ന് ഉപയോഗിക്കാത്ത വ്യാവസായിക സിലിണ്ടറുകള്‍ പിടിച്ചെടുക്കുന്നുണ്ട്. ഇത് വ്യാവസായിക ആവശ്യത്തിനുള്ള ആര്‍ഗണ്‍, നൈഗ്രജന്‍ എന്നീ വാതകങ്ങളാണ്. ഇത് മെഡിക്കല്‍ ഓക്‌സിജനായി മാറ്റുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആണ് ഇക്കാര്യങ്ങളുടെ ചുമതല നിര്‍വഹിക്കുന്നത്. ഇത്തരം സിലിണ്ടറുകള്‍ പിടിച്ചെടുത്ത് ആര്‍ടിഒയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് സമീപത്തെ ഫില്ലിംഗ് സ്റ്റേഷനില്‍ നിന്ന് ഫില്‍ ചെയ്ത് ആശുപത്രികളിലേക്ക് വിതരണം ചെയ്യും. 

എല്ലാ പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. 18000 ത്തോളം വൊളന്റിയര്‍മാര്‍ ജില്ലയില്‍ സന്നദ്ധ സേവനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. 

പഞ്ചായത്തുകള്‍ക്ക് നേരിട്ട് ഓക്‌സിജന്‍ ബെഡുകള്‍ ക്രമീകരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ആംബുലന്‍സ് യൂണിറ്റിന്റെയും കണ്‍ട്രോള്‍ റൂമിന്റെയും പ്രവര്‍ത്തനം കോര്‍പ്പറേഷനില്‍ ആരംഭിച്ചു. 100 ഓക്‌സിജന്‍ ബെഡുകള്‍ കൊച്ചി സാമുദ്രിക് കണ്‍വെന്‍ഷന്‍ ഹാളില്‍ സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ശ്മശാനം പൂര്‍ണ്ണ സജ്ജമാക്കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി. 

ജില്ലയില്‍ ഇപ്പോള്‍ 58379 കോവിഡ് രോഗികളാണുള്ളത്. ഇതില്‍ 47860 പേര്‍ വീടുകളിലാണുള്ളത്. സ്വകാര്യ ആശുപത്രികളില്‍ 2324 പേരാണ് ചികിത്സയിലുള്ളത്. എഫ്എല്‍ടിസികളില്‍ 34 പേരും എസ്എല്‍റ്റിസികളില്‍ 469 പേരും ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 440 പേരും ചികിത്സയിലുണ്ട്. ബാക്കിയുള്ളവര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയിലുണ്ട്. ആകെയുള്ള രോഗികളില്‍ 95% പേരും വീടുകളില്‍ തന്നെയാണുള്ളത്. 5% പേര്‍ക്കാണ് ആശുപത്രി ചികിത്സ ആവശമായി വരുന്നത്. ഇതില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം പേര്‍ക്കാണ് ഐസിയു-വെന്റിലേറ്റര്‍ സാകര്യങ്ങള്‍ ആവശ്യമായി വരുന്നത്. വീടുകളില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി ആശ പ്രവര്‍ത്തകര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ ചെറിയ ബുദ്ധിമുട്ടുള്ളവരെയും വീടുകളില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെയുമാണ് ഡിസിസി അല്ലെങ്കില്‍ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റുന്നത്. ശ്വാസ തടസമുള്ളവര്‍ക്ക് ഓക്‌സിജന്‍ ബെഡുകള്‍ നല്‍കും. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ബെഡുകളും ഓക്‌സിജന്‍ ബെഡുകളാക്കി മാറ്റിയിട്ടുണ്ട്. ആലുവ താലൂക്ക് ആശുപത്രിയില്‍ 100 ഓക്‌സിജന്‍ ബെഡുകളും 30 ഐസിയു ബെഡുകളും സജ്ജമാണ്. സിയാലില്‍ 150 ഓക്‌സിജന്‍ ബെഡുകളില്‍ ശ്വാസതടസമുള്ള രോഗികളെ പ്രവേശിപ്പിച്ചുവരുന്നു. കൂടാതെ പള്ളുരുത്തി, തൃപ്പൂണിത്തുറ, ഫോര്‍ട്ട്‌കൊച്ചി ആശുപത്രികളില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുണ്ട്. മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും കോതമംഗലം, പെരുമ്പാവൂര്‍, പിറവം താലൂക്ക് ആശുപത്രികളിലും ഓക്‌സിജന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 150 ഓക്‌സിജന്‍ ബെഡുകളും ബിപിസിഎല്ലിനോട് ചേര്‍ന്ന് 500 ഓക്‌സിജന്‍ ബെഡുകളും ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടിയന്തിര സ്വഭാവമില്ലാത്ത കോവിഡ്-ഇതര ചികിത്സാ വിഭാഗങ്ങളെയെല്ലാം കോവിഡ് ചികിത്സയ്ക്കായി നിയോഗിച്ചിട്ടുണ്ട്. അടിയന്തിര വിഭാഗത്തിലുള്ളവയൊഴിച്ചുള്ള ഓക്‌സിജന്‍ ബെഡുകളെല്ലാം കോവിഡ് രോഗികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലുണ്ട്. അതിനാല്‍ ഓക്‌സിജന്‍ ബെഡുകളുണ്ടെങ്കിലും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഓക്‌സിജന്‍-ഐസിയു കെയര്‍ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള ജീവനക്കാരെ വിവിധ മേഖലകളില്‍ നിന്ന് പൂള്‍ ചെയ്താണ് പ്രവര്‍ത്തനം. പഞ്ചായത്ത് തലങ്ങളിലുള്ള ഡിസിസകളില്‍ നഴ്‌സുമാര്‍, ജെപിഎച്ച്എന്‍മാര്‍ എന്നിവരുടെ സേവനം മതിയാകും. ഓക്‌സിജന്‍ ആവശ്യമില്ലാത്ത രോഗികളെ ഒരു കാരണവശാലും ഓക്‌സിജന്‍ ബെഡുകളില്‍ കിടത്തുന്നതല്ല. കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഓക്‌സിജന്‍ ബെഡുകള്‍ നല്‍കുക. ഐസിയു-വെന്റിലേറ്റര്‍ സാഹചര്യത്തിലേക്ക് പോകാതെ പരമാവധി രോഗികളെ ഭേദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. അവശ്യഘട്ടത്തില്‍ സിഎച്ച്‌സികളിലും എഫ്എല്‍ടിസികളിലും ഓക്‌സിജന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രായമായവര്‍ വീടുകളില്‍ തന്നെ കഴിയണം. 

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കണം. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കുകയും മരുന്ന് എത്തിച്ചു നല്‍കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ അടിസ്ഥാനമാക്കി ഓരോ തദ്ദേശ സ്ഥാപനങ്ങളും കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. വീടുകളില്‍ മരണം സംഭവിക്കുകയാണെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ടെത്തി മരണം സ്ഥിരികരിക്കുന്നതാണ്. പിന്നീട് കോവിഡ് പരിശോധന കൂടാതെ തന്നെ മറ്റു നടപടികളിലേക്ക് കാലതാമസമില്ലാതെ കടക്കാവുന്നതാണ്. പഞ്ചായത്തുകളില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത രോഗികളെ മാത്രമേ താലൂക്ക് തലത്തിലേക്കും ജില്ലാ തലത്തിലേക്കും എത്തിക്കേണ്ടതുള്ളൂ. 

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ തയാറാക്കി വരികയാണ്. ഓരോ വാര്‍ഡിലെയും വാക്‌സിന്‍ എടുക്കാനുള്ളവരുടെ പട്ടിക തയാറാക്കി മണിക്കൂറില്‍ 20 പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കുന്ന വിധത്തിലാണ് ക്രമീകരണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍ഗണന നല്‍കിയാകും വാക്‌സിനേഷന്‍. വാക്‌സിനേഷന്‍ സംബന്ധിച് അന്തിമ തീരുമാനം ഉടനുണ്ടാകും. സ്‌പോട്ട് അലോട്ട്‌മെന്റ് ഒരിടത്തും ഉണ്ടാകുകയില്ലെന്നും ആശുപത്രികളില്‍ വാക്‌സിനേഷനായി ക്യൂ നില്‍ക്കാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

date