കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റ് ഉൽപ്പാദനം ആരംഭിച്ചു
എറണാകുളം : കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റുകളിൽ ആദ്യത്തേത് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു . ചൊവ്വാഴ്ച നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് പൂർണ തോതിൽ ഉൽപാദനം തുടങ്ങിയത് . 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും ചെറുതാണിത് .ഒന്നര കോടിയോളം രൂപയാണ് ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് . പ്ലാന്റിലെ ഓക്സിജന്റെ ഗുണ പരിശോധന ന്യൂഡൽഹിയിൽ നടത്തിയിരുന്നു . പരിശോധനയിൽ നിഷ്കർഷിക്കപെട്ട 94 -95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞു . തിരുവനന്തപുരം, തൃശ്ശൂർ ,കോട്ടയം മെഡിക്കൽ കോളേജുകളിലാണ് മറ്റു പ്ലാന്റുകൾ . നിലവിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ളവ ഉൾപ്പെടെ എട്ടു വാർഡുകളിലേക്കാണ് പുതിയ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജൻ നൽകുക. അന്തരീക്ഷത്തിൽ നിന്ന് വായു വലിച്ചെടുത്തു കംപ്രഷൻ നടത്തി അഡ്‌സോർപ്ഷൻ സാങ്കേതിക വിദ്യയിലൂടെ ഓക്സിജൻ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈൻ വഴി 250 ഓക്സിജൻ കിടക്കകളിലേക്ക് നൽകും . ഓപ്പറേഷൻ തീയേറ്റർ, കോവിഡ് ഐ സി യു എന്നിവടങ്ങളിൽ കൂടുതൽ ശുദ്ധമായ ഓക്സിജൻ ആവശ്യമാണെന്നതിനാൽ ലിക്വിഡ് ഓക്സിജൻ പ്ലാൻറുകളിൽ നിന്ന് ലഭിക്കുന്ന ഓക്സിജനാകും തുടർന്നും വിതരണം ചെയ്യുക എന്നും ആർ എം ഒ ഡോ. ഗണേഷ് മോഹൻ പറഞ്ഞു
- Log in to post comments