Skip to main content

ജനകീയം 2018 ന് സമാപനം,  പ്രദര്‍ശന വിപണന മേളയില്‍ വന്‍ ജനത്തിരക്ക് 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ജനകീയം 2018 പ്രദര്‍ശന വിപണന മേളയ്ക്ക് കൊടിയിറങ്ങി. ആറു ദിവസം നീണ്ടു നിന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 150 സ്റ്റാളുകള്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണ മികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രദര്‍ശന മേളയില്‍ വലിയ ജനത്തിരക്കാണനുഭവപ്പെട്ടത്. പ്രദര്‍ശന വിപണന മേളയ്ക്കപ്പുറം സര്‍ക്കാര്‍ സേവനങ്ങളുടെ സഹായ കേന്ദ്രം കൂടിയായി ജനകീയം മാറി. 

 

തൊഴില്‍ നൈപുണ്യം, ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി, പഞ്ചായത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തത് മേളയെ അക്ഷരാര്‍ത്ഥത്തില്‍ ജനകീയമാക്കി. 

 

ഐ.ടി.വകുപ്പ് 192പേര്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് നല്‍കിയപ്പോള്‍ 262 പേര്‍ക്ക് ആധാര്‍ പുതുക്കി നല്‍കി. അഞ്ചു വയസ്സില്‍ താഴെയുള്ള 131 കുട്ടികള്‍ക്ക് എന്റോള്‍മെന്റ് നല്‍കി. 22 പേര്‍ക്ക് ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തു കൊടുത്തു. 131 പേര്‍ക്ക് ജനന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റു ചെയ്തു നല്‍കി. മോട്ടോര്‍ വാഹന വകുപ്പിലേക്കുള്ള 62 അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്തു. 164 പേര്‍ക്കാണ് ആധാര്‍ കാര്‍ഡ് പ്രിന്റു ചെയ്തു നല്‍കിയത്. ഇവയ്ക്കു പുറമേ പാന്‍ കാര്‍ഡിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും ഇ-ഡിസ്ട്രിക്ട് സംബന്ധിച്ചും എഫ്.എസ്.എസ്.എ.ഐ. യിലും മറ്റു വകുപ്പുകളുടെ സേവനങ്ങള്‍ക്കുമായി 1410 രജിസ്‌ട്രേഷനുകളാണ് വകുപ്പ് നടത്തിയത്.  

 

ജനന മരണ വിവാഹ രജിസ്‌ട്രേഷനുകളിലായി 100 ല്‍ പരം അപേക്ഷയാണ് പഞ്ചായത്തു വകുപ്പ് സ്വീകരിച്ചത്. ആവശ്യക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പ്രിന്റു ചെയ്തു നല്‍കുകയും ചെയ്തു. പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ചുള്ള സംശയങ്ങളും പരിഹരിച്ചു. തൊഴില്‍ നൈപുണ്യ വകുപ്പ് 92 ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു. 30 ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ പുതുതായി നല്‍കിയതിനു പുറമേ 25 എണ്ണം പുതുക്കി നല്‍കി.  

 

സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളുമറിയാന്‍ വിവിധ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. മത്സ്യ ഫെഡ് സ്റ്റാളിലെ മത്സ്യ ബന്ധന അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനം നിരവധി പേര്‍ വീക്ഷിച്ചു. മത്സ്യ ബന്ധന ബോട്ടുകളിലുപയോഗിക്കുന്ന ടുടി ഓയിലിനെക്കുറിച്ചറിയാനും ഔട്ട് ബോര്‍ഡ് എഞ്ചിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും അറിയാന്‍ നിരവധി പേര്‍ സ്റ്റാളിലെത്തി.  അമിതവണ്ണം നിയന്ത്രിക്കുന്നതിന് കടലിലെ ചെമ്മീന്‍, ഞണ്ട് തുടങ്ങിയ ജീവികളുടെ പുറന്തോടില്‍നിന്നും

വേര്‍തിരിച്ചെടുക്കുന്ന കൈറ്റോണ്‍ എന്ന മരുന്നിന് മേളയില്‍ നല്ല ഡിമാന്റായിരുന്നുവെന്ന് ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. കൂടാതെ താങ്ങുവലകള്‍, വിവിധയിനം മത്സ്യക്കൃഷി കൂടുകള്‍ തുടങ്ങിയവയ്ക്കും ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചു.  

 

മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ അക്വാപോണിക്‌സ്, റീസര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റം മനസ്സിലാക്കാന്‍ നിരവധി പേരെത്തി. ദുരന്തനിവാരണ അതോറിറ്റി, വരള്‍ച്ച പ്രതിരോധം, അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍, സൂര്യാഘാതത്തില്‍ നിന്ന് രക്ഷനേടാനുള്ള സുരക്ഷാ മാര്‍ഗ്ഗരേഖ തുടങ്ങിയവ വിതരണം ചെയ്തു.  

 

ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ യൂറോപ്യന്‍ ഇറക്കുമതിയായ സ്‌കൂബ ഡൈവിങ് സെറ്റു കാണാന്‍ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നീണ്ട നിര തന്നെ മേളയിലുടനീളം ഉണ്ടായിരുന്നു. കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍ നാഷണല്‍ അലങ്കാര മത്സ്യങ്ങളായ ഓസ്‌കാര്‍, ഗപ്പി, മിസ് കേരള, എയ്ഞ്ചല്‍ തുടങ്ങിയവ വില്‍പ്പനക്കു വെച്ചതില്‍ മിക്കതും വിറ്റുതീര്‍ന്നു.

 

ടൂറിസം വകുപ്പിന്റെ സ്റ്റാളിലും നല്ല തിരക്കനുഭവപ്പെട്ടു. ഡി.ടി.പി.സി.യുടെ അംഗീകൃത സേവനദാതാക്കളുടെ പക്കല്‍ നിന്നും വിവിധ ടൂര്‍ പാക്കേജുകളുടെ വിവരം തിരക്കാന്‍ നിരവധി പേരെത്തി. ചരക്കു സേവന നികുതി സ്റ്റാളില്‍ ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ വ്യാപാരികളുടെ തിരക്കനുഭവപ്പെട്ടു.  ഇവേ ബില്ലിനെക്കുറിച്ചാണ് ഏറ്റവുമധികം അന്വേഷണമുണ്ടായത്.  

 

ശില്‍പ പ്രദര്‍ശനങ്ങളിലൂടെയുള്ള എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണം വേറിട്ടുനിന്നു.  ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ നടത്തിയ മാഗ് നെറ്റിക് ഡാര്‍ട്ട് ബോര്‍ഡ് ഗെയിമില്‍ നിരവധി പേര്‍ പങ്കെടുത്ത് സമ്മാനം നേടി.

 

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുണ്ടാക്കിയ ചവിട്ടി, പേപ്പര്‍ ബാഗുകള്‍, ടേബിള്‍ മാറ്റ്, സ്‌ട്രോബറി സഞ്ചി, വിവിധ തരം പെന്‍ സ്റ്റാന്റുകള്‍, ജെല്‍ മെഴുകുതിരി, ചന്ദനത്തിരി, അമ്മൂമ്മത്തിരി തുടങ്ങിയവ ഒരു പ്രോത്സാഹനമെന്നോണം സന്ദര്‍ശകര്‍ വാങ്ങുകയും മിക്കതും പൂര്‍ണ്ണമായും വിറ്റഴിയുകയും ചെയ്തു. കയര്‍ ഭൂവസ്ത്ര നിര്‍മ്മാണത്തെക്കുറിച്ചറിയാനാണ് കയര്‍ഫെഡ് സ്റ്റാളില്‍ സന്ദര്‍ശകര്‍ മിക്കവരുമെത്തിയത്.

 

സര്‍ക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളായ ആശ്വാസ കിരണം, വയോമിത്രം എന്നിവയില്‍ അംഗമാകുന്നതിനുള്ള അപേക്ഷാ ഫോമുകള്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ സ്റ്റാളില്‍ വിതരണം ചെയ്തു.

 

കുറുക്കുണ്ടാക്കാന്‍ മാത്രം ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന അമൃതം പൊടി കൊണ്ട് ബിരിയാണിയും നൂഡില്‍സുമുണ്ടാക്കി വനിതാ ശിശു വികസന വകുപ്പ് സന്ദര്‍ശകരെ അതിശയിപ്പിച്ചു. ലഡു, കേക്ക്, ഉണ്ട, അട, പുട്ട്, പായസം തുടങ്ങിയവയുമുണ്ടാക്കി നിരത്തി. കൂടാതെ കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്‌സ് നോക്കാനും അവസരമുണ്ടായിരുന്നു.  

 

വ്യവസായ വകുപ്പിനു കീഴിലെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കും മേളയില്‍ ഏറെ ആവശ്യക്കാരുണ്ടായി. 

പോക്‌സോ കേസുകള്‍ സംബന്ധിച്ച പരാതികള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഏറ്റവുമധികം സന്ദര്‍ശകര്‍ ശിശു വികസന യൂണിറ്റില്‍ അന്വേഷിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളോടുള്ള പ്രതിഷേധത്തില്‍ സമൂഹത്തിലെ ഓരോരുത്തരെയും പങ്കെടുപ്പിക്കുന്നതിന് സ്ഥാപിച്ച ഒപ്പുമരം സന്ദര്‍ശകരുടെ ഒപ്പുകള്‍ കൊണ്ട് നിറഞ്ഞു.

 

മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ ക്വിസിന് വമ്പിച്ച സ്വീകാര്യത ലഭിച്ചു. നിരവധി പേര്‍ പങ്കെടുത്ത് വിജയികളായി. ഓവര്‍ സ്പീഡ് കണ്ടെത്താനുള്ള വകുപ്പിന്റെ ഓട്ടമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം കണ്‍മുമ്പില്‍ നടത്തിയത് സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായി. ഇരുചക്ര വാഹനങ്ങളുടെ പ്രവര്‍ത്തന തത്വം വിശദീകരിക്കാന്‍ വകുപ്പ് ബജാജ് ചേതക്, പള്‍സര്‍ 150, സുസുക്കി മാക്‌സ് 100 എന്നിവയുടെ പ്രദര്‍ശനം നടത്തിയത് യുവാക്കള്‍ക്ക് ഹരമായി.  പോലീസ് വകുപ്പിന്റെ വിവിധ പ്രദര്‍ശനങ്ങളും പരിപാടികളും മേളയെ വ്യത്യസ്തമാക്കി. പോലീസ് നായകളായ ബെല്ലയും    സന്ദര്‍ശകരുടെ മനം കവര്‍ന്നു.

 

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്, ഒ.ടി.പി. തട്ടിപ്പ്, അജ്ഞാത ഫോണ്‍ സന്ദേശം, വ്യാജ സന്ദേശങ്ങള്‍ എന്നിവയെക്കറിച്ചറിയാന്‍ സൈബര്‍ സെല്ലില്‍ നിരവധി പേരെത്തി. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴില്‍ കൈവല്യ, കെസ്‌റു, ശരണ്യ തുടങ്ങിയ പദ്ധതികളില്‍ വായ്പയെടുത്തവരുടെ അത്തര്‍ , തുണിത്തരങ്ങള്‍, വിവിധ ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ വിപണനം പദ്ധതികളുടെ  വിജയ സാധ്യതകളിലേക്കുള്ള ചൂണ്ടുപലകകളായി

 

മഴമറ, പോളി ഹൗസ്, തിരി നന എന്നിവയെക്കുറിച്ചറിയാന്‍ കൃഷി വകുപ്പ് സ്റ്റാളില്‍ തിരക്കേറെയായിരുന്നു. വിപണനത്തിനുള്ള പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സീറോ എനര്‍ജി കൂള്‍ ചേമ്പര്‍ സംവിധാനം സ്റ്റാളിലെ മുഖ്യാകര്‍ഷണമായിരുന്നു. കയര്‍ഫെഡിന്റെ ചകിരി നാരും ലാറ്റക്‌സും ചേര്‍ന്ന കൊക്കോ പോട്ട് കുറഞ്ഞ വിലയും ഗുണമേന്‍മയും കൊണ്ട് വേറിട്ടു നിന്നു.  

 

കൊച്ചി മെട്രോയുടെ  മൂന്നു വര്‍ഷത്തെ ഉപയോഗക്ഷമതയുള്ള  കൊച്ചി വണ്‍ കാര്‍ഡ് രജിസ്‌ട്രേഷനും ആവശ്യക്കാരുണ്ടായി. വീട്ടുമുറ്റത്ത് കുറഞ്ഞ സ്ഥലത്ത് സ്ഥാപിക്കാവുന്ന ആധുനിക കോഴിക്കൂടിന്റെ മാതൃകയായിരുന്നു മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിലെ മുഖ്യ ആകര്‍ഷണം. ജില്ലാ നിയമ സേവന അതോറിറ്റി സൗജന്യ നിയമ സഹായം നല്‍കുകയും  കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.  

 

റേഷന്‍ കാര്‍ഡ് സംബന്ധിച്ച സംശയങ്ങളും ഇ പോസ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ചറിയാനും സന്ദര്‍ശകരില്‍ പലരും ഭക്ഷ്യ പൊതുവിതരണ വകുപ്പിനെ സമീപിച്ചു. ലൈഫ് മിഷന്‍ സ്റ്റാളില്‍ കുറഞ്ഞ ചെലവിലുള്ള വീടുകളെ കുറിച്ചറിയാനും രജിസ്‌ട്രേഷന്‍ നടത്തിപ്പ് മനസ്സിലാക്കാനും നിരവധി ആളുകളെത്തി. ബി.എസ്.എന്‍.എല്ലിന്റെ സ്റ്റാളില്‍ അറുപതിലധികം സിം കാര്‍ഡുകള്‍ വിതരണം ചെയ്യുകയും 2000 രൂപയ്ക്കു മുകളില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് നടത്തുകയും ചെയ്തു.    

 

പട്ടികജാതിപട്ടികവര്‍ഗ്ഗ  വ്യാവസായിക പരിശീലന വകുപ്പുകള്‍ ബന്ധപ്പെട്ട കോഴ്‌സുകള്‍,  നടപടികള്‍, പദ്ധതികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കി. ഭക്ഷ്യാവശിഷ്ട പരിപാലന തത്വം സംബന്ധിച്ച് നിരവധി പേരാണ് സംശയങ്ങളുമായി ശുചിത്വ മിഷന്‍ സ്റ്റാളിലെത്തിയത്.  പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.  

 

സൗജന്യ ഔഷധസസ്യ വിതരണം, ഹൃദ്യ പാനീയ വിതരണം, പദ്ധതികളുടെ വിശദീകരണം, ഋതു കലണ്ടര്‍ പ്രദര്‍ശനം, തുടങ്ങിയവയിലൂടെ ഭാരതീയ ചികിത്സാ വകുപ്പ്  പ്രദര്‍ശനത്തിന് വ്യത്യസ്ത മാനം നല്‍കി.  

 

ജയില്‍ വകുപ്പിന്റെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ മേളയില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.  ജയില്‍ ചപ്പാത്തിയും ബിരിയാണിയും നിമിഷ നേരം കൊണ്ടാണ് എല്ലാ ദിവസവും വിറ്റുപോയത്.  ജയിലിലെ കുടയും പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു.  ഇവയുടെ ഗുണമേ•യും വിലക്കുറവും മേളയില്‍ പ്രത്യേക ആകര്‍ഷണമായിരുന്നു.

 

ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലും പ്രശ്‌നോത്തരിയും സമ്മാന വിതരണവുമുണ്ടായിരുന്നു. വനശ്രീയുടെ ശര്‍ക്കരക്കും തേനിനും മേളയില്‍ സ്വീകാര്യത ലഭിച്ചു. വനം വന്യജീവി വകുപ്പ്  സര്‍ക്കാര്‍ നിരക്കില്‍ സീതപ്പഴം, റമ്പൂട്ടാന്‍, ഞാവല്‍, പ്ലാവ്, മാവ്, പേര, മാതളം, കറിവേപ്പ്, ആര്യവേപ്പ് തൈകള്‍ വിതരണം ചെയ്തു.

 

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ബില്ലിങ്ങിനെ കുറിച്ചും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനും സന്ദര്‍ശകരെത്തി. ബാംബൂ മിഷന്റെ മുളപ്പുട്ടുകുറ്റി മേളയില്‍ ആവി പറത്തി വിറ്റു പോയി.  

 

സ്വപ്ന തീരം പദ്ധതി, കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍, വേലിയിറക്ക രേഖ സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്നിവയറിയാന്‍ പലരും ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് സ്റ്റാളിലെത്തി.  

 

കുടുംബശ്രീ കേരളത്തിന്റെ മുഖശ്രീയായി മാറുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ആദ്യ ദിനം മുതല്‍ മേളയിലുടനീളം കണ്ടത്. കുടുംബശ്രീ വനിതകളുടെ സ്വയംസംരംഭകത്വ വസ്തുക്കള്‍ വിറ്റഴിക്കുന്നതിനു മാത്രമായി വിവിധ യൂണിറ്റുകള്‍ക്ക് 30 സ്റ്റാളുകളാണ് അനുവദിച്ചിരുന്നത്.  അടുക്കള ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, അച്ചാറുകള്‍ , കറിപ്പൊടികള്‍, ഫിനോ ലിന്‍, മെഴുകുതിരി , തുണിത്തരങ്ങള്‍ , ചവിട്ടികള്‍ , പഴങ്ങള്‍, വിഷ രഹിത നാടന്‍ പച്ചക്കറികള്‍, തുണി സഞ്ചികള്‍, വിത്തുകള്‍ , വിവിധ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ഇവര്‍ വില്‍പ്പനക്കു വെച്ചത്.   കുടുംബശ്രീയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമായി ഫുഡ് കോര്‍ട്ടിലെ കഫേ കുടുംബശ്രീയിലും വലിയ തിരക്കനുഭവപ്പെട്ടു.  

 

വിവിധ ചിക്കന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, ബിരിയാണികള്‍, പഞ്ചനക്ഷത്ര പായസ മടക്കമുള്ള പായസങ്ങള്‍ തുടങ്ങിയവയ്ക്ക്  വലിയ തിരക്കാണ് അനുഭവപ്പെട്ടത്.  മറൈന്‍ ഡ്രൈവ് സന്ദര്‍ശിക്കാനെത്തിയ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളും കഫേ കുടുംബശ്രീയില്‍ ഇഷ്ടഭക്ഷണം കാത്ത് വരി നിന്നു.  തീരമൈത്രിയുടെ ഭക്ഷണ സ്റ്റാളിലും തിരക്കനുഭവപ്പെട്ടു. കുടുംബശ്രീ ചായയുടെയും ലഘു പാനീയങ്ങളുടെയും സ്റ്റാള്‍ ഒഴിവില്ലാതെ പ്രവര്‍ത്തിച്ചു.

 

സാംസ്‌കാരിക പരിപാടികള്‍ പരമാവധി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സാധിച്ചു.  ഉത്തരവാദിത്ത ടൂറിസം, ദുരന്തനിവാരണം,  സാമൂഹിക സുരക്ഷ, ഇ ഗവേണന്‍സ്, റോഡു സുരക്ഷ, പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി, പാര്‍പ്പിട സുരക്ഷ, മാലിന്യ സംസ്‌കരണം, ജലവിഭവ സംരക്ഷണം, ജീവിത ഘട്ടങ്ങള്‍ എങ്ങനെ വിജയപ്രദമാക്കാം, തീരദേശ വനിതകളുടെ ശാക്തീകരണം, നോക്കുകൂലി വിമുക്ത കേരളവും തൊഴില്‍ നിയമങ്ങളും, ആര്‍ദ്രം മിഷന്‍, ലഹരി- മക്കളെ മനസ്സിലാക്കുക, തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാഷെ ആദരിക്കുന്ന സംഗീത പരിപാടി അര്‍ജുന സംഗീതം, ഭരതനാട്യം, അഷ്‌റഫ് ഹൈദ്രോസും സംഘവും അവതരിപ്പിച്ച സൂഫി ഖവ്വാലി ഗസല്‍, കേരള കലാമണ്ഡലത്തിലെ കലാകാര•ാര്‍ അവതരിപ്പിച്ച എന്റെ കേരളം നൃത്തശില്‍പം, മഹാരാജാസ് കോളേജ് അധ്യാപക സംഘം അവതരിപ്പിച്ച ശാസ്ത്രീയ സംഗീതം, ആര്‍.എല്‍.വി. കോളേജ് തൃപ്പൂണിത്തുറ ടീമിന്റെ  മ്യൂസിക്കല്‍ ഫ്യൂഷന്‍, കലാമണ്ഡലം സ്വര്‍ണ്ണ ദീപയും സംഘവും അവതരിപ്പിച്ച രവീന്ദ്രസംഗീത നൃത്തശില്‍പം, ഫോര്‍ട്ട് കൊച്ചി ഗ്രീനിക്‌സ് വില്ലേജ് അവതരി പ്പിച്ച തോല്‍പ്പാവക്കൂത്ത്, യുവജന ചവിട്ടുനാടക കലാ സമിതിയുടെ 'യാക്കോബിന്റെ മക്കള്‍ ' ചവിട്ടു നാടകം, ചലച്ചിത്രമേള, എം.ടി.യുടെ സാഹിത്യ സൃഷ്ടികളെ ആസ്പദമാക്കി പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്ത നാടകം 'മഹാസാഗരം' തുടങ്ങിയവ മേളക്ക് കൊഴുപ്പേകി. പ്രഖ്യാപിച്ചിരുന്നതു പോലെ തന്നെ പൂര്‍ണ്ണമായും ഹരിത നടപടി ക്രമങ്ങളനുസരിച്ചാണ് മേള  നടത്തിയത്.  

 

ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍  അവതരിപ്പിച്ച ഗാനമേള കാണികളെ പിടിച്ചിരുത്തി. പോലീസ് നായകളായ ബെല്ലയും ഗോള്‍ഡിയും അടങ്ങുന്ന സംഘത്തെ ഉള്‍പ്പെടുത്തി പോലീസ് ഡോഗ് സ്‌ക്വാഡ് അവതരിപ്പിച്ച ഡോഗ് ഷോ കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങുകയും ചെയ്തു. കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല നിരവധി പേര്‍ സന്ദര്‍ശിച്ചു.   കേരള സ്‌റ്റേറ്റ് ബുക്ക് മാര്‍ക്ക് ബുക്ക് സ്റ്റാളിന്റെ സഞ്ചരിക്കുന്ന പുസ്തകശാല സന്ദര്‍ശിക്കാനും നിരവധി പേരെത്തി.

date