വേറിട്ട ചിത്രങ്ങളുമായി ജനകീയം 2018 ചലച്ചിത്രമേള
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടി ജനകീയം 2018 ല്‍ മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി എറണാകുളം ജില്ലയുടെ പ്രത്യേകതയായിരുന്നു ചലച്ചിത്ര മേള. സാമൂഹിക, സാംസ്‌കാരിക തലങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തിയ ആറ് ചിത്രങ്ങളാണ് മേളയ്ക്കായി തെരഞ്ഞെടുത്തത്. മലയാളം, തമിഴ്, കൊറിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മലയാളത്തില്‍ നിന്നും ഒറ്റാല്‍, കാടു പൂക്കുന്ന നേരം എന്നിവയാണ് തെരഞ്ഞെടുത്തത്. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് രണ്ട് ദിവസങ്ങളിലായി ചലച്ചിത്ര മേള സംഘടിപ്പിച്ചത്.
ആദ്യ ദിവസം ഒറ്റാല്‍ എന്ന മലയാള ചിത്രവും ദി പാസ്റ്റ് എന്ന ഫ്രഞ്ച് ചിത്രവും ടൈം എന്ന കൊറിയന്‍ ചിത്രവുമാണ് പ്രദര്‍ശിപ്പിച്ചത്. ജയരാജിന്റെ സംവിധാനത്തില്‍ ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണ് ഒറ്റാല്‍. മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും ഈ ചിത്രം കരസ്ഥമാക്കി. അസ്ഗര്‍ ഫര്‍ഹദി സംവിധാനം ചെയ്ത ദി പാസ്റ്റ് എന്ന ചിത്രം 2013 കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. അതേ വര്‍ഷം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആദ്യ ദിവസത്തെ മൂന്നാമത്തെ ചിത്രമായ ടൈം പ്രശസ്ത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ സൃഷ്ടിയാണ്.
രണ്ടാം ദിവസത്തെ ആദ്യ ചിത്രം ദി റോക്കറ്റ്, കിം മോര്‍ഡന്റിന്റെ സംവിധാനത്തിലുള്ളതാണ്. എ.എ.സി.ടി.എ അവാര്‍ഡില്‍ എട്ട് കാറ്റഗറികളിലായി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കൂടാതെ എ.എസ്.ഇ അവാര്‍ഡ്, എഫ്.സി.സി.എ അവാര്‍ഡ്, ട്രിബേക്ക ഫിലിം ഫെസ്റ്റിവല്‍ ഓഡിയന്‍സ് അവാര്‍ഡ് എന്നിവ നേടി. ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് കാടു പൂക്കുന്ന നേരം. മാവോയിസ്റ്റുകളുടെ കഥ പറഞ്ഞ ചിത്രം ഡോ.ബിജു തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഛായാഗ്രഹണം, സൗണ്ട് എഞ്ചിനീയര്‍, സൗണ്ട് മിക്‌സിംഗ്, സൗണ്ട് ഡിസൈനര്‍, കളറിസ്റ്റ് എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചു. തമിഴ് ചിത്രമായ വെസ്‌റ്റേണ്‍ ഗട്ട്‌സ് നവാഗതനായ ലെനിന്‍ ഭാരതിയുടെ സംവിധാനത്തിലുള്ളതാണ്. പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ നവാഗതരാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇളയരാജ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ഇരുപത്തി ഒന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ തെരഞ്ഞെടുത്ത 18 ചിത്രങ്ങളില്‍ ഒന്നായിരുന്നു വെസ്‌റ്റേണ്‍ ഗട്ട്. പന്ത്രണ്ടാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കെ.ഡബ്ല്യു. ജോസഫ് അവാര്‍ഡ് നേടി. പതിനേഴാമത് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള നോമിനേഷനും ചിത്രം നേടി.
- Log in to post comments