Skip to main content

സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി യോഗം,   ഓക്സിജൻ ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ 

 

കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ മാറ്റി വെയ്ക്കുന്ന കിടക്കകൾ, രോഗികളുടെ വിഭാഗീയത, മെഡിക്കൽ ഓക്സിജൻ 
മാനേജ്മെന്റ്, ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി തുടങ്ങിയവ സംബന്ധിച്ച് ജില്ലാ കലക്ടർ മൃൺമയി ജോഷി സ്വകാര്യ ആശുപത്രികളുമായി നടത്തിയ അവലോകന യോഗത്തിൽ വിലയിരുത്തി. 

യോഗ തീരുമാനങ്ങൾ

1. സ്വകാര്യ ആശുപത്രികൾ ആകെയുള്ള ബെഡിന്റെ 50% കോവിഡ് രോഗികൾക്കായി നീക്കിവയ്ക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഓക്സിജൻ സിലിണ്ടറുകളുടെ  ആവശ്യം മുന്നിൽ കണ്ടും   നിലവിലെ ഓക്സിജന്റെ ആവശ്യവും വേണ്ടിവന്നേക്കാവുന്ന 'ഓക്സിജന്റെ ആവശ്യവും ഉൾപ്പെടുത്തി
 ഓരോ ആശുപത്രികളും  ഓക്സിജൻ ലഭ്യത സംബന്ധിച്ച പദ്ധതി തയ്യാറാക്കാൻ ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.

  സ്വകാര്യ ആശുപത്രികളിലെ കോവിഡ് രോഗികൾക്കുള്ള കിടക്കകളുടെ ലഭ്യത 50 ശതമാനമാക്കിയതിൽ 25 ശതമാനം പ്രവേശനം ഡി.പി.എം. എസ്.യു (ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ്) മുഖേനയാവണം  നടപ്പാക്കേണ്ടത്. ഓക്സിജൻ വർധിപ്പിക്കുന്ന പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ഉടൻ   സമർപ്പിക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. 

2) കൂടുതൽ  ആശുപത്രികളിലും എ കാറ്റഗറിയിലുള്ള രോഗികളാണ് അധികം. നിലവിലെ ചികിത്സാ പ്രോട്ടോകോൾ അനുസരിച്ച് ബി,സി കാറ്റഗറിയിലുള്ള രോഗികൾക്ക് കിടക്ക ലഭ്യമാക്കാൻ എ കാറ്റഗറിയിലുള്ള രോഗികൾക്ക് പ്രവേശനം നൽകുന്നത് നിയന്ത്രിക്കേണ്ടതുണ്ട്.

3) ചില ആശുപത്രികളിൽ ജീവനക്കാർ രോഗികളോട് മോശമായി പെരുമാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രോഗികളോട്  സഭ്യമായ   പെരുമാറാൻ എല്ലാ ആശുപത്രി ജീവനക്കാരോടും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

4) എല്ലാ സ്വകാര്യ ആശുപത്രികളും തങ്ങളുടെ ഓക്സിജൻ വിതരണ ഏജൻസികളുമായി നിരന്തരം ബന്ധപെടുകയും അടിയന്തര ഘട്ടങ്ങളിൽ ജില്ലാ വാർ റൂമിൽ ഓക്സിജൻ ആവശ്യം മുൻകൂട്ടി അറിയിക്കുകയും വേണം. ഏകദേശം നാലു മുതൽ അഞ്ചു മണിക്കൂർ വരെയാണ് ഓക്സിജൻ ഏർപ്പാടാക്കാൻ വേണ്ട സമയം. ഈ സാഹചര്യത്തിൽ ആശുപത്രി അധികൃതർ ഓക്സിജൻ ലഭ്യത കൃത്യമായി നിരീക്ഷിക്കുകയും ലഭ്യതയിൽ കുറവുണ്ടെങ്കിൽ മുൻകൂട്ടി ആവശ്യപ്പെടുകയും വേണം.

5) ആശുപത്രികളിൽ  ഓക്സിജൻ സിലിണ്ടറുകൾ ആവശ്യത്തിനുണ്ടെന്ന് മുൻകൂട്ടി ഉറപ്പു വരുത്തുകയും   സിലണ്ടറുകൾ കൈകാര്യം ചെയ്യുന്നതിനും  പ്രഷർ പരിശോധിക്കുന്നതിനും  പരിശീലനം ലഭിച്ച ഓപ്പറേറ്റർമാരുടെ സേവനം ഉറപ്പു വരുത്തുകയും വേണമെന്നത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വമാണ്.

6) ഓക്സിജൻ ഓഡിറ്റ്  കമ്മിറ്റി കൃത്യമായി ഓഡിറ്റ്  നടത്തി വേസ്റ്റേജ് ഒഴിവാക്കണം.

7) ആശുപത്രി അധികൃതർ  രോഗികളോടും കൂട്ടിരിപ്പുകാരോടും  സഹകരണം ഉറപ്പാക്കണം.

8) കോവിഡ്  മരണങ്ങൾ കൃത്യമായി കൊറോണ കൺട്രോൾ സെല്ലിലും ഡി. പി.എം.എസ്.യുവിലും  അറിയിക്കുകയും കൃത്യമായ പരിശോധനകളും കേസ് ഷീറ്റുമായി  ബന്ധപ്പെട്ട വെരിഫിക്കേഷനും പൂർത്തിയാക്കിയ ശേഷം മാത്രം മൃതദേഹം ബന്ധപ്പെട്ടവർക്ക് നൽകുക.

9) മൃതദേഹങ്ങൾ മാറിപ്പോകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും  സ്വീകരിച്ചിരിക്കണം.

10) കൃത്യമായ പരിശോധനയോ വിലയിരുത്തലോ ഇല്ലാതെ പരിഭ്രാന്തിയുണ്ടാക്കും  വിധം സ്വകാര്യ ആശുപത്രികൾ സർക്കാർ  ആശുപത്രികളിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ട്. രോഗികൾക്ക്  ബുദ്ധിമുട്ടും ഭീതിയും ഉണ്ടാക്കുന്ന ഇത്തരം  സാഹചര്യങ്ങൾ ഒഴിവാക്കാൻ സ്വകാര്യ ആശുപത്രികൾ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിലാവണം മറ്റ് ആശുപത്രികളിലേക്ക്  റഫർ ചെയ്യേണ്ടത്.

11) മുഴുവൻ സ്വകാര്യ ആശുപത്രികളും ഓക്സിജൻ  കൈകാര്യം ചെയ്യുന്നതിനു മുന്നോടിയായി ഫയർ ആൻഡ് സേഫ്റ്റി സംബന്ധമായ ഉപകരണങ്ങളുടെയും മറ്റും പ്രവർത്തനക്ഷമത  ഉറപ്പുവരുത്തണം.

12) എല്ലാ ആശുപത്രികളും സ്പ്രെഡ് ഷീറ്റിൽ  കൃത്യമായി ഡാറ്റാ എൻട്രി നടത്തുന്നതായി ഉറപ്പുവരുത്തണം.

യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ പി റീത്ത, ഡി.പി.എം.എസ്.യു നോഡൽ ഓഫീസർ ഡോ. മേരി ജോതി, കാസപ് ഡി. പി എം അരുൺ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഓരോ ആശുപത്രിയും സാഹചര്യവും  യോഗത്തിൽ പ്രത്യേകമായി വിലയിരുത്തുകയുണ്ടായി.
 

date