Skip to main content

കോവിഡ് രോഗവ്യാപനം : തുമ്പോളിയിൽ  കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു

 

ആലപ്പുഴ : ആലപ്പുഴ നഗരസഭയ്ക്ക് കീഴിലുള്ള തീരദേശ വാർഡുകളായ തുമ്പോളി, മംഗലം, കാഞ്ഞിരംചിറ, വാടക്കാനാൽ വാർഡുകളിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാർഡ് നിവാസികൾക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. തുമ്പോളി ഇടവക പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ ആലപ്പുഴ നഗരസഭയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ ഡോ. ലിന്റാ ഫ്രാൻസ്, പി റഹിയാനത്ത്, പി ജി എലിസബത്ത്, കെ എ ജെസ്സിമോള്‍, നഗരസഭാ ഉദ്യോഗസ്ഥർ, ജാഗ്രതാ സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നാലു വാർഡുകളിലായി 1200 പേർക്കാണ് ആദ്യദിനം ഭക്ഷണം വിതരണം ചെയ്തത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ആവശ്യമെങ്കിൽ ഭക്ഷണം എത്തിച്ചു നൽകാൻ കഴിയുമെന്നും ഭക്ഷണം ആവശ്യമായുള്ളവർ പ്രദേശത്തെ വാർഡ് കൗൺസിലറുമായി ബന്ധപ്പെടണമെന്നും എംഎൽഎ അറിയിച്ചു. നിലവിൽ കോവിഡ് രോഗബാധികർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമാണ് സൗജന്യ ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്. 

date