Skip to main content

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തി  പുറമറ്റം ഗ്രാമപഞ്ചായത്ത്

കോവിഡ് രണ്ടാം തരംഗത്തിലെ രോഗ വ്യാപനം കുറയ്ക്കാന്‍ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് പുറമറ്റം ഗ്രാമപഞ്ചായത്ത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്നിക്ക് വനിതാ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഭക്ഷണശാലയില്‍ നിന്നും എല്ലാ വാര്‍ഡുകളിലേയും കോവിഡ് രോഗികള്‍ക്കും നിര്‍ധനരായ കുടുംബങ്ങള്‍ക്കും വോളന്റിയര്‍മാര്‍ മുഖാന്തരം ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നുണ്ട്. 

പ്രൈമറി ഹെല്‍ത്ത് സെന്ററുമായി ചേര്‍ന്ന് വാര്‍ഡ്  മെമ്പര്‍മാരും ആശാവര്‍ക്കര്‍മാരും എല്ലാ വാര്‍ഡുകളിലും മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ട്. ഇതിനുപുറമെ വാര്‍ഡ്തല സമിതികള്‍ ആഴ്ച്ചതോറും കൂടുകയും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്നു. 

പഞ്ചായത്തില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ആംബുലന്‍സ് സര്‍വീസിനു പുറമെ മറ്റു വാഹന സൗകര്യങ്ങളും ലഭ്യമാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കും വാര്‍ റൂമും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ റൂമിലെ അംഗങ്ങള്‍ ദിനംപ്രതി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് മുന്നോട്ട് പോകുന്നത്. 

24 മണിക്കൂറും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ സേവനവും പഞ്ചായത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് വേണ്ട അവശ്യ വസ്തുക്കളുടെ ലഭ്യത അതത് വാര്‍ഡ് മെമ്പര്‍മാര്‍ ഉറപ്പുവരുത്തുന്നുമുണ്ട്

date