Skip to main content

സി.ബി.എസ്.ഇ പരീക്ഷ: സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സർക്കാർ

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയും, വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള  മത്സര പരീക്ഷകളും നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്.  സംസ്ഥാനത്തെ പത്ത്/പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ ഏപ്രിൽ മാസം പൂർത്തീകരിച്ച് മൂല്യനിർണ്ണയ ക്യാമ്പുകൾ ജൂൺ ആദ്യവാരം ആരംഭിച്ച് ജൂലൈ മാസത്തിൽ ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി യോഗത്തെ അറിയിച്ചു.
ഉന്നതപഠനം സംബന്ധിച്ച് വിവിധ തലങ്ങളിലുണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തിൽ പൊതുപരീക്ഷകൾ നടത്താൻ തീരുമാനമെടുത്താൽ ഇതിലേക്കുള്ള സമയക്രമം മുൻകൂട്ടി പ്രഖ്യാപിച്ച് പൊതുമാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. മുഴുവൻ സ്‌കൂൾ കുട്ടികൾക്കും  കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തണമെന്ന നിർദ്ദേശവും കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി രമേഷ് പൊഖ്റിയാൽ, സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും പരീക്ഷാ കമ്മീഷണറുമായ കെ.ജീവൻബാബു, മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  
 
പി.എൻ.എക്‌സ് 1628/2021

date