Skip to main content

ലോക്ഡൗൺ കാലത്ത് അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ കൂട്ടായ പരിശ്രമം

കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനെ തേടി ഒരു വാട്സ് ആപ്പ് സന്ദേശമെത്തി. ഒഡീഷയിലെ കണ്ടമൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെതായിരുന്നു ആ സന്ദേശം. എറണാകുളം ജില്ലയിലെ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലിശ്ശേരിയിൽ മുപ്പത്തിയഞ്ചാേളം ഒഡീഷ കുടുംബങ്ങൾക്ക് ലോക്ഡൗൺ മൂലം തൊഴിലില്ലാത്തതിനാൽ ഭക്ഷണമടക്കമുള്ള സഹായം ആവശ്യമുണ്ടെന്നായിരുന്നു സന്ദേശം. ബേബി നായിക് എന്ന തൊഴിലാളിയുടെ മൊബൈൽ ഫോൺ നമ്പറും സന്ദേശത്തോടൊപ്പമുണ്ടായിരുന്നു. പോലീസ് ചീഫ് വിവരം എറണാകുളം എൻഫോഴ്സ്മെന്റ് ജില്ലാ ലേബർ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലാ ലേബർ ഓഫീസറും ന അങ്കമാലി അസി. ലേബർ ഓഫീസറും പലവട്ടം ശ്രമിച്ചെങ്കിലും ബേബി നായിക് എന്ന തൊഴിലാളിയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ഇതിനിടെ കണ്ടമൽ ജില്ലാ കളക്ടറുടെ വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഡോ.എസ് ചിത്രയും പ്രശ്നത്തിൽ ഇടപെട്ടു. ബേബി നായിക് എന്ന തൊഴിലാളിയുമായി ബന്ധപ്പെടാൻ കഴിയാത്തവിവരം ജില്ലാ ലേബർ ഓഫീസർ ലേബർ കമ്മീഷണറെ അറിയിച്ചു. അവർ കണ്ടമൽ ജില്ലാ കളക്ടറുമായി ബന്ധപ്പെടുകയും ബേബിയുടെ ഭാര്യ ജുവരാജ് നായിക്കിന്റെ നമ്പർ ശേഖരിച്ച് എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാറിനെയും ജില്ലാ ലേബർ ഓഫീസറെയും അറിയിക്കുകയും ചെയ്തു.
ഞായറാഴ്ച ഇന്ന് ഉച്ചയോടെ തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുമായി എൻഫോഴ്സ്മെൻറ് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസും അസി. ലേബർ ഓഫീസർ ടി. കെ. നാസറും വാർഡ് മെംബർ മേരി ആന്റണിയും സ്ഥലത്തെത്തി തൊഴിലാളികൾക്ക് കൈമാറി. തൊഴിലാളികളും കുടുംബാംഗങ്ങളും ഏറെ നന്ദിയോടെയാണ് സാധനങ്ങൾ ഏറ്റുവാങ്ങിയത്.

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സർക്കാർ വകുപ്പുകളാകെ ഒരുമിച്ച് കൈകോർക്കുകയാണ്. സർക്കാർ നിർദ്ദേശപ്രകാരം ലേബർ കമ്മീഷണറും ജില്ലാ പോലീസ് മേധാവിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം മുഴുവൻ ജീവനക്കാരും ഒരേ മനസോടെ പ്രവർത്തിച്ചുവരികയാണ്.

date