Skip to main content

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് ജില്ലയില്‍ വിപുലമായ പദ്ധതികള്‍

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്നത് വിപുലമായ പദ്ധതികള്‍. മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കി വരുന്ന ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ 800 എല്‍പിഎം (ലിറ്റര്‍ പെര്‍ മിനുട്ട്) ഉല്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ജില്ലാ ആശുപത്രിയില്‍ ബിപിസിഎല്ലിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന 600 എല്‍പിഎം പ്ലാന്റ്, കെയര്‍ ഇന്ത്യയുടെ സഹായത്തോടെയുള്ള അഞ്ച് മെട്രിക് ടണ്‍ ശേഷിയുള്ള ക്രയോജനിക് ടാങ്ക് എന്നിവയും പ്രവൃത്തിയുടെ അവസാന ഘട്ടത്തിലാണ്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 200 എല്‍പിഎം പ്ലാന്റ് ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവ കൂടാതെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ 1000 എല്‍പിഎം ശേഷിയും മാങ്ങാട്ടുപറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൂത്തുപറമ്പ് ,തളിപ്പറമ്പ്, ഇരിട്ടി എന്നീ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 500 എല്‍പിഎം ശേഷിയുമുള്ള പ്ലാന്റുകള്‍ തുടങ്ങാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പിഎസ്എ (പ്രഷര്‍ സ്വിങ് അഡ്‌സോര്‍ബ്ഷന്‍) ഓക്‌സിജന്‍ ജനറേറ്ററുകളാണ് ഇവിടങ്ങളില്‍ സ്ഥാപിക്കുക. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കും ഇത്തരം പ്ലാന്റുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
ഓക്‌സിജന്റെ ഉപയോഗം ശാസ്ത്രീയമായ രീതിയില്‍ പുനക്രമീകരിക്കാനുള്ള നടപടികളും ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ട്. ലഭ്യമായ ഓക്‌സിജന്റെ കരുതലോടെയുള്ള വിതരണം ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നേഴ്സുമാര്‍ക്കും കൃത്യമായ നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കിയിട്ടുണ്ട്. കൂടാതെ ഓക്‌സിജന്‍ ചോര്‍ച്ച തുടങ്ങിയവ പരിശോധിക്കുന്നതിനും അവ അടിയന്തരമായി പരിഹരിക്കുന്നതിനും മറ്റ് സാങ്കേതിക പരിശോധനകള്‍ നടത്തി അപകട സാധ്യത ഇല്ലാതാക്കുന്നതിനുമായി ഓക്‌സിജന്‍ ഓഡിറ്റ് ടീമുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐഎന്‍എയുടെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരാണ് ഈ പരിശോധനകളില്‍ ദുരന്ത നിവാരണ അതോറിറ്റിയെ സഹായിക്കുന്നത്

date