ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും: മുഖ്യമന്ത്രി
കോവിഡ് വ്യാപന തോത് കുറയുന്ന സൂചനകൾ പ്രകടമാകുന്നുണ്ടെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലകൾക്ക് നിർദ്ദേശം നൽകി. സർക്കാർ അനുവദിക്കുന്ന രീതിയിൽ മാത്രമാണ് ഇളവുകൾ നടപ്പാകുന്നതെന്ന് ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾ ഇടപെടണം. കോവിഡ് മൂന്നാം തരംഗമുണ്ടായേക്കാമെന്ന ആശങ്കയുടെ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിക്കാനും അദ്ദേഹം നിർദേശിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി, ഡിജിപി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടർ എസ്. സുഹാസ് ജില്ലയിലെ സ്ഥിതിഗതികൾ യോഗത്തിൽ അറിയിച്ചു. ജില്ലയിൽ ആക്ടീവ് കേസുകളും പുതിയ കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു വരികയാണ്. ടാർജെറ്റ് ടെസ്റ്റിംഗ് തുടരുന്നുണ്ട്. 25 % ത്തിന് മുകളിൽ ടി പി ആർ ഉള്ള പഞ്ചായത്തുകൾ കണ്ടെയ്ൻമെൻറ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റെൻ സൗകര്യങ്ങൾ ജില്ലയിലുണ്ട്. ഇതിനായി 5000 ബഡുകൾ ഒഴിവുണ്ട്. ഐ സി യു, വെൻ്റിലേറ്റർ സൗകര്യങ്ങൾ സ്പോൺസർഷിപ്പ് വഴി ഏർപ്പെടുത്തുന്നുണ്ട്. 18 ഐ സി യു വെൻ്റിലേറ്ററുകൾ കൂടി ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. ജ ന റൽ ആശുപത്രിയിൽ വെൻറിലേറ്റർ സൗകര്യമുള്ള ഐ സി യു 60 എണ്ണം സജ്ജമായിട്ടുണ്ട്. അമ്പലമുകളിലെ സർക്കാർ താത്കാലിക കോവിഡ് ആശുപത്രിയിൽ 1000 ഓക്സിജൻ ബെഡുകൾ ഉടൻ സജ്ജമാകും. ആസ്റ്റർ മെഡ് സിറ്റിയുടെ നേതൃത്വത്തിലുള്ള 100 ഓക്സിജൻ ബെഡുകളിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. സൺറൈസ്, എംഇഎസ് ആശുപത്രികളുടെ 100 വീതം ഓക്സിജൻ ബെഡുകളും സജ്ജമാണ്. കൂടാതെ കൊച്ചി സാമുദ്രിക ഹാളിൽ 100 ഓക്സിജൻ ബെഡുകൾ 28ന് പ്രവർത്തന സജ്ജമാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകൾക്കായി തേവരയിൽ ഓക്സിജൻ സിലിണ്ടർ ഫില്ലിംഗ് കേന്ദ്രവും സജ്ജമായിട്ടുണ്ട്. സിയാലിൽ ഒരുക്കുന്ന 500 ഓക്സിജൻ ബെഡുകളിൽ 30 എണ്ണം പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർണ്ണ സജ്ജമാകുമെന്നും കളക്ടർ അറിയിച്ചു
- Log in to post comments