Skip to main content

ആദിവാസി ഊരുകളിൽ വാക്സിനേഷൻ ആരംഭിച്ചു

 

കാക്കനാട്: ജില്ലയിലെ പട്ടികവർഗ കോളനികളിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലുള്ള 17 ആദിവാസി ഊരുകളിലാണ് വാക്സിനേഷൻ ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ കോളനികളിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ്റെ ആദ്യ ഡോസ് നൽകാനാണ് തീരുമാനം. 
ഊരുകളിലെ 18 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകും. ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് ഊരുകളിൽ ഉള്ളവർക്കാണ് കോവി ഷീൽഡിൻ്റെ ആദ്യ ഡോസ് നൽകിയത്. 
മെയ് 25, 27, 28 ദിവസങ്ങളിലാണ്  വാക്സിനേഷൻ നടക്കുന്നത്. 18 വയസിനു മുകളിൽ 3000 നു താഴെ അംഗങ്ങളുണ്ടെന്നാണ് കണകാക്കുന്നത്. ആരോഗ്യ വകുപ്പിൻ്റ ഏഴംഗ സംഘമാണ് ദൗത്യത്തിലുള്ളത്. ഇവരെ കൂടാതെ പഞ്ചായത്ത്, വനം വകുപ്പ് ജീവനക്കാരും സംഘത്തിലുണ്ട്. ഓരോ പ്രദേശത്തും താല്കാലിക വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ നൽകുന്നതിൻ്റെ മുഴുവൻ മാനദണ്ഡങ്ങളും  ഇവിടെയും പാലിക്കുന്നുണ്ട്. വാക്സിൻ സ്വീകരിച്ചു കഴിയുന്നവരെ അരമണിക്കൂർ നിരീക്ഷിക്കും. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാണിക്കുന്നവർക്കായി സംഘത്തിലുള്ള ഡോക്ടറുടെ സേവനം നൽകും. കൂടുതൽ ആരോഗ്യ പ്രശ്നമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.

date