Skip to main content

അധ്യയന വർഷാരംഭം - സ്കൂളുകൾക്കുള്ള  പ്രത്യേക പരിശീലനം തുടങ്ങി

 

 

അധ്യയന വർഷഷാരംഭത്തിന്റെ മുന്നോടിയായി സ്കൂളിൽ നടത്തേണ്ട ഒരുക്കങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക പരിശീലന പരിപാടി 'സജ്ജം'  ജില്ലയിൽ ആരംഭിച്ചു. ഓൺലൈൻ പഠന സൗകര്യങ്ങളുടെ കണക്കെടുപ്പ് , കഴിഞ്ഞ വർഷത്തെ പഠന നിലവാരം രേഖപ്പെടുത്തൽ, പഠന വിടവുകൾ കണ്ടെത്തൽ, ക്ലാസ് കയറ്റത്തോടൊപ്പം നൽകേണ്ട ബ്രിഡ്ജിംഗ് ,ഓൺലൈൻ സംവിധാനത്തിലൂടെയുള്ള  മൂല്യനിർണയ സംവിധാനം വികസിപ്പിക്കൽ തുടങ്ങിയവയിലൂന്നിയാണ് പരിശീലനം.

മുഴുവൻ സ്കൂളിലെയും പ്രധാനാധ്യാപകർ, എൽ.പി , യു.പി, ഹൈസ്കൂൾ വിഭാഗം എസ്.ആർ.ജി കൺവീനർമാർ എന്നിവർക്കാണ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി പരിശീലനം നൽകുന്നത്. തുടർന്ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് വിളിച്ച് ചേർത്ത്  അധ്യാപകർക്ക് ഇവർ പരിശീലനം നൽകുകയും അക്കാദമിക് പ്ലാൻ വികസിപ്പിക്കുകയും ചെയ്യും.
       
കുട്ടികൾക്ക് നൽകിയിട്ടുള്ള പഠനമികവ് രേഖ, ആക്ടിവിറ്റി കാർഡുകൾ , വർക്ക് ഷീറ്റുകൾ  മുതലായവ ഉപയോഗിച്ചാണ്  പഠനനിലവാരവും പഠനവിടവും കണ്ടെത്തുക. ഒരു ബി.ആർ.സി യിൽ നിന്ന് അഞ്ച് പേർ എന്ന കണക്കിൽ 75 ചേർക്ക് ജില്ലാതല പരിശീലനം നൽകി. എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീമിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ വി.പ്രേമരാജൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ബി.മധു , ഡി പി. ഒ മാരായ സജീഷ് നാരായണൻ , വി. വസീഫ് എന്നിവർ സംസാരിച്ചു.  മെയ്  27 ന്  പരിശീലനം പൂർത്തിയാകുമെന്ന് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം അറിയിച്ചു.

 

date