Skip to main content

കടക്കരപ്പള്ളിയില്‍ കോവിഡ് മെഗാ പരിശോധന ക്യാമ്പ് 

 

ആലപ്പുഴ : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഇന്ന് (26/6/2021) മുതല്‍ കോവിഡ് മെഗാ പരിശോധന ക്യാമ്പ് ആരംഭിക്കും. പരിശോധനക്കായി 2000 ആന്റിജന്‍ പരിശോധന കിറ്റുകള്‍ വാങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ പറഞ്ഞു. ടി.പി.ആര്‍. റേറ്റ് കുറയ്ക്കുന്നതിനായി വ്യാപകമായ പരിശോധന വേണമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെയും ഡോക്ടര്‍മാരുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മെഗാ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്. വാര്‍ഡ് അടിസ്ഥാനത്തിലാണ് പരിശോധന ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളത്. 14 വാര്‍ഡുകളാണ് പഞ്ചായത്തില്‍ ആകെയുള്ളത്. ഒരു ദിവസം രണ്ട് വാര്‍ഡുകള്‍ എന്ന ക്രമത്തില്‍ പരിശോധന നടത്തും. രണ്ട്, മൂന്ന് വാര്‍ഡുകള്‍ക്കുള്ള പരിശോധനയാണ് ആദ്യദിനത്തില്‍ നടക്കുക. ഓഡിറ്റോറിയങ്ങള്‍, പാരിഷ് ഹാളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ പരിശോധനക്കായി തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സഹകരണത്തോടെയാണ് ക്യാമ്പ്.

പരിശോധന ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച് വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ വഴി ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. വീടുവീടാന്തരം ലഘുലേഖകളും ഇതു സംബന്ധിച്ച് വിതരണം ചെയ്തിട്ടുണ്ട്. പരിശോധനയ്ക്ക് എത്തേണ്ടവരുടെ പേരു വിവരങ്ങള്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ വഴി ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ ഏകോപനത്തോടെ പരിശോധനക്കായി ആളുകളെ ക്യാമ്പുകളിലേക്ക് എത്തിക്കും.

date