Skip to main content

കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും സംശയമുള്ളവരും പരിശോധനക്ക് വിധേയരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളില്‍ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി പ്രത്യേക പരിശോധനാ ക്യാമ്പുകള്‍ നടന്നു വരികയാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുക മാത്രമാണ് നിലവില്‍ ചെയ്യേണ്ടത്. ഇത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി നിറവേറ്റണം.

മുതിര്‍ന്ന പൗരന്മാരും ഗര്‍ഭിണികളും ഭിന്നശേഷി വിഭാഗത്തിലുള്ളവരും നിത്യ രോഗികളും കുട്ടികളും ഒരു കാരണവശാലും വീടുകള്‍ക്ക് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ ഈ വിഭാഗത്തിലുള്ളവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് മറ്റുള്ളവര്‍ വിട്ടു നില്‍ക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

date