Skip to main content

സൗത്ത് കൊല്ലംകോട് റോഡ്: താത്കാലിക നടപ്പാത ഉടൻ

പൊഴിയൂർ ഭാഗത്തുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ പൂർണമായി തകർന്ന കേരള - തമിഴ്‌നാട് തീരദേശ അതിർത്തി റോഡ് അടിയന്തരമായി കാൽനടയാത്ര സാധ്യമാകുംവിധം സഞ്ചാരയോഗ്യമാക്കും. തകർന്ന ഭാഗം താത്കാലികമായി കല്ലിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. 

 

പൊഴിയൂരിൽനിന്നു തമിഴ്‌നാട്ടിലേക്കുള്ള പരുത്തിയൂർ - സൗത്ത് കൊല്ലംകോട് തീരദേശ പാതയാണു കഴിഞ്ഞയാഴ്ചയുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ തകർന്നത്. റോഡ് പുനർനിർമിക്കുന്ന ജോലികൾക്കു മുൻപ് അടിയന്തര നടപടിയെന്ന നിലയ്ക്കാണു താത്കാലിക സംവിധാനമൊരുക്കുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

 

കടലാക്രമണത്തിൽ റോഡിന്റെ വലിയൊരു ഭാഗം പൂർണമായി ഒലിച്ചു പോയിരുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടം കല്ലിട്ട് നികത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. 37 മീറ്ററോളമാണു കല്ലിട്ടു നികത്തുന്നത്. ഈ ജോലി കഴിഞ്ഞാൽ ഉടൻ ഇതിനു മുകളിൽ പൊതുമരാമത്ത് വകുപ്പ് താത്കാലിക കോൺക്രീറ്റ് റോഡ് നിർമിക്കും. അതോടെ ഈ വഴി കാൽനട യാത്ര സാധ്യമാകും.

date