Skip to main content

ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ പദ്ധതികളുമായി വനിതാ ശിശു വികസന വകുപ്പ്

 

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മറ്റും ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വനിതാ ശിശു വികസന വകുപ്പിന്റെ  ജില്ലാ വനിതാ ശിശു വികസന ഓഫീസ് മുഖാന്തിരം കാതോര്‍ത്ത്, രക്ഷാദൂത്, പൊന്‍വാക്ക് എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതായി ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതത് ജില്ലകളിലെ വനിത സംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരെയുള്ള പരാതികളില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാരുമാണ് നടപടികള്‍ സ്വീകരിക്കുക.

1. കാതോര്‍ത്ത്

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഓണ്‍ലൈനായി കേള്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളില്‍ ഉള്‍പ്പെടുത്തി വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് കാതോര്‍ത്ത്. ജില്ലാ വനിതാ ശിശു വികസന വകുപ്പ്, മഹിളാ ശക്തികേന്ദ്ര വഴിയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. വനിതകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സലിംഗ്, പോലീസ് സഹായം, നിയമ സഹായം എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. കാതോര്‍ത്ത് പദ്ധതിയുടെ സേവനം ആവശ്യമുള്ളവര്‍ക്ക് kathorthu.wcd.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. 48 മണിക്കൂറിനുള്ളില്‍ അപേക്ഷകര്‍ക്ക് സേവനം ഉറപ്പാക്കുന്നതാണ് പദ്ധതി.

2. രക്ഷാദൂത്

വനിതാ ശിശു വികസന വകുപ്പ് തപാല്‍ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് രക്ഷാദൂത്. അതിക്രമം നേരിടുന്ന സ്ത്രീക്കോ കുട്ടിക്കോ അല്ലെങ്കില്‍ അവരുടെ പ്രതിനിധിക്കോ പോസ്റ്റ് ഓഫീസില്‍ എത്തി തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പരാതി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. അതിക്രമത്തിനിരയായ സ്ത്രീയോ അവരുടെ പ്രതിനിധിയോ പോസ്റ്റ് ഓഫീസില്‍ എത്തി തപാല്‍ എന്ന കോഡ് പറയുകയും പോസ്റ്റ് മാസ്റ്റര്‍ അല്ലെങ്കില്‍ പോസ്റ്റ് മിസ്ട്രസിന്റെ സഹായത്തോടെ പേപ്പറില്‍ സ്വന്തം മേല്‍വിലാസമെഴുതി പിന്‍കോഡ് സഹിതം ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. അല്ലെങ്കില്‍ അടുത്തുള്ള തപാല്‍ വകുപ്പിന്റെ ലെറ്റര്‍ ബോക്‌സില്‍ വെള്ളക്കടലാസില്‍ പൂര്‍ണ മേല്‍വിലാസം, പിന്‍കോഡ് സഹിതം എഴുതി സീല്‍ ചെയ്ത് പുറത്ത് 'തപാല്‍' എന്ന് രേഖപ്പെടുത്തി നിക്ഷേപിക്കാം. സ്റ്റാമ്പ് ഒട്ടിക്കേണ്ട ആവശ്യമില്ല.

3. പൊന്‍വാക്ക്

ശൈശവ വിവാഹം തടയുന്നതിനായി വനിത ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന മറ്റൊരു പദ്ധതിയാണ് പൊന്‍വാക്ക്. പദ്ധതി പ്രകാരം ശൈശവ വിവാഹം ഏതെങ്കിലും പ്രദേശത്ത് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്‍കൂട്ടി വിവരം അറിയിക്കാം. ഇങ്ങനെ വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികമായി ലഭിക്കും. മാത്രമല്ല അറിയിപ്പ് നല്‍കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ 9446811368 ല്‍ ലഭിക്കും.

date