Skip to main content

ഭിന്നശേഷിക്കാര്‍ക്കായി റെസിഡെന്‍ഷ്യല്‍ ട്രെയിനിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും: ജില്ലാ കളക്ടര്‍

ജില്ലയില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി സ്‌കൂള്‍ വിദ്യാഭ്യസത്തിന് ശേഷം റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ട്രെയിനിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍  അമിത് മീണ അറിയിച്ചു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മറ്റ് ബഹുവിധ വൈകല്യങ്ങള്‍ തുടങ്ങിയവയുള്ളവര്‍ക്ക് 1999 ലെ നാഷണല്‍ ട്രസ്റ്റ് ആക്റ്റ് നിഷ്‌കര്‍ശിക്കുന്ന പരിരക്ഷ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി ഹിയറിംഗില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 18 വയസ്സ് കഴിഞ്ഞവരെ പഠിപ്പിക്കാന്‍ നിലവില്‍ സൗകര്യമില്ല. ഇതിന് പരിഹാരമായി ഭിന്ന ശേഷിക്കാര്‍ക്കായി താമസ സൗകര്യത്തോടു കൂടിയ പരിശീലന കേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും അദ്ദേഹം പറഞ്ഞു.
ഹിയറിംഗില്‍ 15 പേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ (ലീഗല്‍ ഗാര്‍ഡിയന്‍) അനുവദിച്ച് നല്‍കി.  സെറിബ്രല്‍ പാള്‍സി, മറ്റ് ബഹു വൈകല്യങ്ങള്‍ എന്നിവയുള്ളവരുടെ ആജീവനാന്ത സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ പരിധിയിലാണ് 1999 ല്‍ പാര്‍ലമെന്റ്  നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പാസാക്കിയത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ആക്റ്റ് പ്രകാരമാണ് ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള സമിതി രൂപവത്കരിച്ചത്. സമിതിക്ക് ലഭിച്ച അപേക്ഷകളിലാണ് ഇത്തരക്കാരുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് ഹിയറിംഗ് നടത്തിയത്. പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അര്‍ഹരായ സ്വത്ത് ഇവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. വസ്തു ഭാഗം ചെയ്യുമ്പോള്‍ ന്യായമായ വിഹിതം ഇവര്‍ക്ക് നീക്കിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങളെ ലീഗല്‍ ഗാര്‍ഡിയ•ാരായി ചുമതലപ്പെടുത്തിയത്.  
കളക്ടറേറ്റില്‍ നടന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍. മിനി, നാര്‍കോട്ടിക് സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, അഡ്വ. സുജാത വര്‍മ്മ, കമ്മിറ്റി മെമ്പര്‍മാരായ സിനില്‍ ദാസ്. പി.ഡി, വി വേണു ഗോപാലന്‍, അബ്ദുള്‍നാസര്‍. കെ. തുടങ്ങിയവര്‍ പങ്കെടുത്തു.

 

date