Skip to main content

വലിയങ്ങാടി മാര്‍ക്കറ്റ് പ്രവര്‍ത്തനസമയം ഉച്ചവരെയാക്കി ചുരുക്കി

 

വലിയങ്ങാടി മാര്‍ക്കറ്റ് പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് രണ്ട് വരെയാക്കി ചുരുക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പാലക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള വലിയങ്ങാടി പച്ചക്കറി മാര്‍ക്കറ്റ്, മീന്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ഈ പ്രദേശത്ത് വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്വീകരിക്കണം. രണ്ടു മാര്‍ക്കറ്റുകളും ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ പാലക്കാട് നഗരസഭ സെക്രട്ടറി സ്വീകരിക്കണം. മേല്‍നോട്ടത്തിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. 50 ശതമാനം  ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി മാര്‍ക്കറ്റിലെ കടകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. മാര്‍ക്കറ്റില്‍ വരുന്നവരെ ബോധവല്‍ക്കരിക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണം. മാര്‍ക്കറ്റിലെ എല്ലാ കടകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്നും ജീവനക്കാര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുന്നുണ്ടെന്നും കടകളില്‍ വരുന്ന ആളുകള്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, സെക്ട്രല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
 

date