Skip to main content

കണയന്നൂർ താലൂക്കിൽ മഴക്കാല മുന്നൊരുക്ക യോഗം ചേർന്നു

 

എറണാകുളം : കണയന്നൂർ താലൂക്കിൽ മഴക്കാല മുന്നൊരുക്ക യോഗം ചേർന്നു. കോർപറേഷൻ പരിധിയെ സോണുകളായി തിരിച്ചു കോർപറേഷൻ അസിസ്റ്റന്റ് എഞ്ചിനിയർമാരുടെ നേതൃത്വത്തിൽ  റാപിഡ് റെസ്പോൺസ് ടീം രൂപീകരിക്കാൻ നിർദ്ദേശം നൽകി. ഈ ടീമുകൾ ആക്ഷൻ പ്ലാൻ തയാറാക്കും.അടിയന്തരമായി നഗരപ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകളും, ഓടകളും, തോടുകളും വൃത്തിയാക്കും .  ജൂൺ 5 , 6  തീയതികളിൽ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ , പരിസരപ്രദേശങ്ങളിൽ നിർബന്ധമായും ഡ്രൈ ഡേ ആചരിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു  . 

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊലീസ് , ഫയർഫോഴ്സ്,  ആരോഗ്യം, റവന്യൂ, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, കെ എസ് ഇ ബി , വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ തഹസീൽദാറുടെ മേൽനോട്ടത്തിൽ നടത്തും . ദുരിതാശ്വാസകേന്ദ്രങ്ങൾ തുറക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി . രണ്ട് തരം ദുരിതാശ്വാസ ക്യാമ്പുകളായിരിക്കും പ്രവർത്തിക്കുക . ആദ്യത്തേത് കോവിഡ് രോഗികൾ അല്ലാത്തവർക്ക് വേണ്ടിയും രണ്ടാമത്തേത് ഹോം ക്വാറന്റെനിൽ ഉള്ളവർക്കും ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും വേണ്ടിയാണ്. കോവിഡ് പൊസിറ്റീവ് ആകുന്നവരെ എഫ് എൽ ടി സി , ഡിസിസി പോലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. 
 
ക്യാമ്പുകളിലേക്ക് സാമൂഹിക അടുക്കളയിൽ നിന്നും ആഹാരം എത്തിക്കും. ക്യാമ്പുകൾ മുൻകൂട്ടി കണ്ടെത്തി വേണ്ട ക്രമീകരണങ്ങൾ ഒരുക്കണം . ക്യാമ്പികളിലേക്കു ആവശ്യമായ സാധന സാമഗ്രികൾ കരുതണം .  മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്തണം . അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

യോഗത്തിൽ ഐ ആർ എസ് ചാർജ് ഓഫീസറായ എൽ എ ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, തഹസിൽദാർ ടി സജി, ഭൂരേഖ തഹസിൽദാർ ബീന പി ആനന്ദ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ , ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ , കെ എസ് ഇ ബി , അഗ്നിശമന സേന, സിവിൽ സപ്ലൈസ് , ഇറിഗേഷൻ, പോലീസ്, ജലഗതാഗതം , പി ഡബ്ള്യു ഡി  തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും  പങ്കെടുത്തു 

date