Skip to main content

കൊല്ലം കോര്‍പ്പറേഷനിലെ അഞ്ച് ഡിവിഷനുകളില്‍ അധിക നിയന്ത്രണം

  പ്രതിവാര കോവിഡ് വ്യാപനനിരക്ക് കൂടുതലുള്ള കൊല്ലം കോര്‍പ്പറേഷനിലെ കുരീപ്പുഴ, നീരാവില്‍, അഞ്ചാലുംമൂട്, കടവൂര്‍, മതിലില്‍ ഡിവിഷനുകളില്‍ ഇന്ന്(മെയ് 30)രാവിലെ  ആറു മുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു.
ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍,  പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍, കാലിത്തീറ്റ-കോഴിത്തീറ്റ ഇവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തനാനുമതി. പാല്‍, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും  എട്ടിനും ഇടയിലായിരിക്കണം. റേഷന്‍ കടകള്‍, മാവേലി സ്റ്റോര്‍, സപ്ലൈകോ, പാല്‍ബൂത്തുകള്‍ എന്നിവയ്ക്ക് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴര വരെ ഹോം ഡെലിവറി സര്‍വ്വീസിനു മാത്രമായി പ്രവര്‍ത്തനാനുമതിയുണ്ട്. ഉപഭോക്താക്കള്‍ നേരിട്ട്  പാഴ്സല്‍ കൈപ്പറ്റാനോ ഇരുന്നു ഭക്ഷണം കഴിക്കുവാനോ അനുവദിക്കില്ല.
മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, പാചകവാതക വിതരണ ഏജന്‍സികള്‍, എ.ടി.എമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവയ്ക്ക് സമയനിയന്ത്രണം ബാധകമല്ല. പാചക വാതക വിതരണത്തിനും സമയ പരിധിയില്ല. അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്ന ഏറ്റവും അടുത്ത കടകളില്‍ നിന്നും മാത്രം അവ വാങ്ങേണ്ടതും ഈ ആവശ്യത്തിനായി  ലഭ്യമാകുന്ന കടകള്‍ കടന്ന് യാത്ര ചെയ്യാനും പാടില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റൊരു സ്ഥാപനത്തിനും പ്രവര്‍ത്തനാനുമതിയില്ല. ചന്തകളുടെ പ്രവര്‍ത്തനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്ന പെട്ടിക്കടകള്‍, തട്ടുകടകള്‍ ഉള്‍പ്പെടെ വഴിയോര കച്ചവടങ്ങളും അനുവദനീയമല്ല. സര്‍ക്കാര്‍ ആവശ്യത്തിലേക്കുളള അടിയന്തര നിര്‍മ്മാണ പ്രവര്‍ത്തികളൊഴികെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. ഈ പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും ബഹിര്‍ഗമനവും പോലീസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും.   മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടങ്ങളിലേക്ക് പ്രവേശിക്കുവാനും പുറത്തു പോകുവാനും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
അവശ്യസേവനമേഖലയിലുളള ദുരന്തനിവാരണം, റവന്യൂ, ആരോഗ്യം, പോലീസ്,   തദ്ദേശസ്വയംഭരണം, തൊഴില്‍, സിവില്‍ സപ്ലൈസ്, ജലസേചനം, എക്സൈസ്, മൃഗസംരക്ഷണം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ സഞ്ചരിക്കാം. ഇവ ഒഴികെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നിശ്ചയിച്ചു കിട്ടിയ ഉത്തരവും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും സഹിതമായിരിക്കണം ഇത്തരം പ്രദേശങ്ങളില്‍ പ്രവേശിക്കേണ്ടതും പുറത്തു പോകേണ്ടതും. അടിയന്തര യാത്രകള്‍ക്ക് പോലീസിന്റെ ഓണ്‍ലൈന്‍ പാസ് സംവിധാനം പ്രയോജനപ്പെടുത്തണം (pass.bsafe.kerala.gov.in).
  (പി.ആര്‍.കെ നമ്പര്‍.1316/2021)
 

date