Skip to main content

പൊന്നാനിയില്‍ സാമൂഹിക അടുക്കളക്ക് തുടക്കമായി

പൊന്നാനിയില്‍ സാമൂഹിക അകലം പാലിക്കുമ്പോള്‍ തന്നെ അശരണരെ ചേര്‍ത്തു പിടിക്കുന്നതിനായി വീണ്ടും സാമൂഹിക അടുക്കള തുടങ്ങി. ജനകീയ ഹോട്ടലിനു പുറമെയാണ് വിപുലമായ ജനകീയ അടുക്കളയും പ്രവര്‍ത്തനമാരംഭിച്ചത്. പൊന്നാനി എ.വി ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ജനകീയ അടുക്കള പ്രവര്‍ത്തിക്കുന്നത്. നഗരസഭയിലെ മാതൃ-ശിശു ആശുപത്രിയിലെ കോവിഡ് ചികിത്സാലയത്തിലും സി.എഫ്.എല്‍.ടി.സി, ഡി.സി.സി എന്നിവിടങ്ങളിലുള്‍പ്പടെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മറ്റ് ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നവര്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അടുക്കള പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകരാണ് കോവിഡ് ബാധിതര്‍ക്കായി ഭക്ഷണം തയ്യാറാക്കുന്നത്. അരിയും പലവ്യഞ്ജനങ്ങളുമടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് അടുക്കള പ്രവര്‍ത്തിക്കുന്നത്. സാമൂഹിക അടുക്കളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല, കൗണ്‍സിലര്‍മാരായ ബിന്‍സി ഭാസ്‌ക്കര്‍, വി.പി പ്രഭീഷ്, കെ.നസീമ എന്നിവര്‍ പങ്കെടുത്തു.

date