Skip to main content

പുതുമയാര്‍ന്ന ഡിജിറ്റല്‍ വിഭവങ്ങള്‍  ആസ്വദിച്ച് പഠിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തൊട്ടാകെയും പത്തനതിട്ട ജില്ലയിലും എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം പരിപാടി സംഘടിപ്പിച്ചത് ഓണ്‍ലൈനായാണ്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവ ദിനത്തില്‍ കുട്ടികള്‍ക്ക് സന്ദേശം അയച്ചു. എല്ലാ സ്‌കൂളുകളിലേയും കുട്ടികള്‍ക്കും സന്ദേശം സ്‌കൂള്‍ മുഖേന പങ്കുവച്ചു. പുതുമയാര്‍ന്ന ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അത് ആസ്വദിച്ച് പഠിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു. ദുരന്തഭീഷണി ഒഴിയുന്ന മുറയ്ക്ക് വിദ്യാലയത്തിലേക്ക് പോകാമെന്നുള്ള  പ്രതീക്ഷയും കുട്ടികള്‍ക്ക് നല്‍കിയാണ് സന്ദേശം അവസാനിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നതായും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ കുറിക്കുന്നു.

 

മുഖ്യമന്ത്രിയുടെ സന്ദേശം ഇങ്ങനെ:- സ്‌കൂള്‍ ദിനങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് വിദ്യാര്‍ഥികള്‍ എന്നറിയാം. ഇന്നു സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ ക്ലാസില്‍ വന്നിരിക്കേണ്ട കുട്ടികള്‍ക്ക് അതിനു കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നമ്മളിപ്പോഴും കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് കരകയറിയിട്ടില്ല. ലോകം മുഴുവന്‍ ഭീതി പടര്‍ത്തിയ ഈ മഹാദുരന്തത്തോട് ഒറ്റ മനസോടെ പൊരുതുകയാണ് നമ്മള്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാം. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടില്‍ത്തന്നെ കഴിയുന്നവരാണ് നമ്മളിലേറെ പേരും. കൂട്ടുകാരോടൊപ്പം കൂടാനും ഒരുമിച്ച് കളിക്കാനും പഠിക്കാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ, ഏറെ കരുതലോടെ നീങ്ങേണ്ട സന്ദര്‍ഭമാണിത്. ഈ മഹാമാരിയെ നമ്മുക്ക് നിസാരമായി കാണാനാകില്ല. മാസ്‌ക് ധരിച്ചും ശാരീരിക അകലം പാലിച്ചും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും അതീവ ശ്രദ്ധയോടെ കഴിയണം. ഈ പോരാട്ടത്തില്‍ വിജയിച്ചേ മതിയാകൂ. മനുഷ്യരാശിക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയ ഈ ദുരന്തത്തെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. അതുവരെ വീട്ടുകാരോടൊപ്പം സന്തോഷത്തോടെ കഴിയുക. കുട്ടികള്‍ക്കായി പുതുമയാര്‍ന്ന ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് ആസ്വദിച്ച് പഠിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദുരന്തഭീഷണി ഒഴിയുന്ന മുറയ്ക്ക് നമുക്ക് വിദ്യാലയത്തിലേക്ക് പോകാം.

date