Skip to main content

കൈവശ കര്‍ഷകര്‍ക്ക് പട്ടയം: റവന്യു മന്ത്രിക്ക്  നിവേദനം നല്‍കി റാന്നി എംഎല്‍എ

റാന്നി നിയോജക മണ്ഡലത്തിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നിവേദനം നല്‍കി.    

         കിഴക്കന്‍ മേഖലയില്‍ കുടിയേറി പാര്‍ത്ത് കൃഷിചെയ്തു വന്ന ആയിരക്കണക്കിന് കൈവശ കര്‍ഷകര്‍ക്കാണ് റാന്നി നിയോജക മണ്ഡലത്തില്‍ ഇനിയും പട്ടയം ലഭിക്കാനുള്ളത്. എല്ലാവരും അന്‍പതും അതിലധികവും വര്‍ഷങ്ങളായി ഇവിടെ സ്ഥിര താമസമാക്കിയവരും അവരുടെ അടുത്ത തലമുറകളുമാണ്. ചിലര്‍ക്കാകട്ടെ ലഭിച്ചത്  ഉപാധികളോടെയുള്ള പട്ടയമാണ്.  ഇത്തരക്കാര്‍ക്ക് സ്വന്തം ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനോ മക്കളുടെ വിവാഹം ഉള്‍പ്പെടെയുള അടിയന്തിര ആവശ്യങ്ങള്‍ക്ക് വസ്തു ബാങ്കില്‍ പണയം വച്ച് ലോണ്‍ എടുക്കാനോ കഴിയില്ല.

      അറയാഞ്ഞിലിമണ്‍, കിസുമം, കുരുമ്പന്‍മൂഴി, മണക്കയം,  അടിച്ചിപ്പുഴ, ചൊള്ളനാവയല്‍, വേലംപ്ലാവ്, ബിമ്മരം, ഒരികല്ല്, പരുവ, തെക്കേ തൊട്ടി, കടുമീന്‍ചിറ പെരുന്തേനരുവി, പെരുമ്പെട്ടി എന്നിവിടങ്ങളിലെ ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കാനുണ്ട്. കൂടാതെ പമ്പാവാലിയില്‍ ഉപാധികളോടെ ലഭിച്ച പട്ടയങ്ങള്‍ ഉപാധിരഹിതമാക്കാനുമുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഇവര്‍ക്ക് പട്ടയം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

date